ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനുള്ള തയാറെടുപ്പുകളിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പ്ലേഓഫ് ഉറപ്പിക്കാൻ ഇരു ടീമിനും ഈ മത്സരത്തില്‍ ജയം ഏറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ആര്‍സിബി സിഎസ്‌കെ ടീമുകളെ സംബന്ധിച്ച് ഒരു ജീവൻമരണപ്പോരാട്ടം ആയിരിക്കും നാളെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറുക.
മത്സരത്തിനായി സന്ദര്‍ശകരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിനോടകം തന്നെ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ടീം ബെംഗളൂരുവില്‍ പരിശീലനത്തിനും ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരുവിന്‍റെ ഡ്രസിങ് റൂമില്‍ ധോണിയെത്തുന്ന ഒരു വീഡിയോ ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിടുകയും ചെയ്‌തിട്ടുണ്ട്.
ആര്‍സിബിയുടെ ഡ്രസിങ് റൂമിലെത്തി ധോണി ചായ കുടിക്കുന്നതാണ് വീഡിയോയില്‍. ആര്‍സിബി സപ്പോര്‍ട്ടിങ് സ്റ്റാഫിന്‍റെ കയ്യില്‍ നിന്നും ചൂട് ചായ വാങ്ങി കുടിക്കുന്ന ധേണിയുടെ വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. 'വെല്‍ക്കം ടു ബെംഗളൂരു, മാഹി!' എന്ന ക്യാപ്‌ഷനോടെയാണ് ആര്‍സിബി ഈ വീഡിയോ ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.
ചിന്നസ്വാമിയില്‍ പരിശീലനത്തിനിടെ പന്തെറിയുന്ന ധോണിയുടെ വീഡിയോയും നേരത്തെ വൈറലായിരുന്നു. നെറ്റ്‌സില്‍ ഓഫ് സ്‌പിന്നറായി പന്തെറിയുന്നതായിരുന്നു വീഡിയോ. ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഒഫിഷ്യല്‍ പേജുകളിലൂടെയായിരുന്നു ഈ വിഡിയോ പുറത്തുവിട്ടത്.
Also Read : ആര്‍സിബിയെ 'എറിഞ്ഞിടാൻ' ധോണി; നെറ്റ്‌സില്‍ പന്തെറിഞ്ഞ് സിഎസ്‌കെ മുൻ നായകൻ - MS Dhoni Bowls In Nets
അതേസമയം, പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാളെ നടക്കുന്ന മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിക്കാൻ സാധിച്ചാല്‍ പ്ലേഓഫിന് യോഗ്യത നേടാം. തോല്‍വിയാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് വിലയിരുത്തിയ ശേഷമാകും അവരുടെ സാധ്യത. നിലവില്‍ 13 കളിയില്‍ 14 പോയിന്‍റുള്ള ചെന്നൈയുടെ റണ്‍റേറ്റ് 0.528 ആണ്.
ആറാം സ്ഥാനക്കാരാണ് ആര്‍സിബി. 13 കളിയില്‍ 12 പോയിന്‍റാണ് ബെംഗളൂരുവിന്. 0.387 ആണ് ബെംഗളൂരുവിന്‍റെ നെറ്റ് റണ്‍റേറ്റ്.
നിലവിലെ സാഹചര്യത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചാലും നെറ്റ് റണ്‍റേറ്റില്‍ അവരെ മറികടക്കണമെങ്കില്‍ ആദ്യം ബാറ്റ് ചെയ്‌താല്‍ കുറഞ്ഞത് 18 റണ്‍സിന്‍റെ ജയമാണ് ആര്‍സിബി നേടേണ്ടത്. റണ്‍സ് പിന്തുടരുകയാണെങ്കില്‍ ചെന്നൈ ഉയര്‍ത്തുന്ന വിജയലക്ഷ്യം 18.2 ഓവറിനുള്ളിലും ആര്‍സിബിയ്‌ക്ക് മറികടക്കേണ്ടതുണ്ട്.
ഈ മാര്‍ജിനില്‍ അല്ല ബെംഗളൂരു ജയിക്കുന്നത് എങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേഓഫ് കളിക്കാം. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാല്‍ അത് അനുകൂലമാകുന്നതും ചെന്നൈയ്‌ക്കാണ്.
Also Read : മഴയില്‍ കുളിച്ച് ഹൈദരാബാദും പ്ലേഓഫിലേക്ക്; നാലാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടം - SRH IN PLAYOFF