മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ബോളിങ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ മോണി മോർക്കലിനെ നിയമിച്ചു. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിന്‍റെ മുഖ്യപരിശീലകനായി അടുത്തിടെ ചുമതലയേറ്റ ഇന്ത്യയുടെ മുന്‍ താരം കൂടിയായ ഗൗതം ഗംഭീറിന്‍റെ പ്രത്യേക താൽപര്യപ്രകാരമാണ് 39-കാരന്‍റെ നിയമനം.
നേരത്തെ, ഇന്ത്യയുടെ പേസ് ഇതിഹാസം സഹീർ ഖാനെ ബോളിങ് പരിശീലകനാക്കാന്‍ ബിസിസിഐ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മോര്‍ക്കലിന്‍റെ നിയമനം സംബന്ധിച്ച ഗംഭീറിന്‍റെ അഭ്യർഥന ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഉപദേഷ്‌ടാവായ ഗംഭീര്‍ സേവനം അനുഷ്‌ഠിച്ച രണ്ട് വര്‍ഷം കോച്ചിങ് സ്റ്റാഫിന്‍റെ ഭാഗമായി മോണി മോര്‍ക്കലും ഉണ്ടായിരുന്നു.
അതേസമയം 2023-ലെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ ബോളിങ് കോച്ചായിരുന്നു മോണി മോര്‍ക്കല്‍. ബോര്‍ഡുമായുള്ള കരാര്‍ അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹം രാജിവച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും കളിച്ച മോണി മോര്‍ക്കല്‍ ആകെ 544 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.