ലണ്ടൻ : മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) എഫ്‌എ കപ്പ് (FA Cup) ക്വാര്‍ട്ടറില്‍. അഞ്ചാം റൗണ്ടില്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനെ (Nottingham Forest) തോല്‍പ്പിച്ചാണ് യുണൈറ്റഡിന്‍റെ മുന്നേറ്റം. സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കാസിമിറൊ (Casimiro) നേടിയ ഏക ഗോളിലാണ് യുണൈറ്റഡ് ജയം പിടിച്ചത് (Nottm Forest vs Manchester United).
ജയത്തോടെ, എഫ്‌എ കപ്പ് ക്വാര്‍ട്ടറില്‍ ഇടം നേടാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി. 48-ാം പ്രാവശ്യമാണ് യുണൈറ്റഡ് എഫ്‌എ കപ്പ് ക്വാര്‍ട്ടറിലെത്തുന്നത്. ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രാവശ്യം നേട്ടം സ്വന്തമാക്കിയ ടീമും യുണൈറ്റഡാണ്.
സിറ്റി ഗ്രൗണ്ടിലെ ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. നാലാം മിനിറ്റില്‍ ആന്‍റണിയുടെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക്. എട്ടാം മിനിറ്റില്‍ ആന്‍റണിയുടെ ഗോള്‍ ശ്രമം നോട്ടിങ്‌ഹാം ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.
20-ാം മിനിറ്റില്‍ ആതിഥേയരുടെ പ്രത്യാക്രമണം. ഒനാനയുടെ തകര്‍പ്പൻ സേവിലാണ് യുണൈറ്റഡ് അവിടെ രക്ഷപ്പെട്ടത്. പിന്നീട് ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും രണ്ട് ടീമിന്‍റെയും ഭാഗത്ത് നിന്നുമുണ്ടായില്ല.
നോട്ടിങ്‌ഹാം ഫോറസ്റ്റാണ് രണ്ടാം പകുതിയില്‍ ആക്രമണങ്ങള്‍ തുടങ്ങി വച്ചത്. 48-ാം മിനിറ്റില്‍ എലങ്കയുടെ ഷോട്ട് ഒനാന തടുത്തിട്ടു. തുടര്‍ന്നും യുണൈറ്റഡ് പ്രതിരോധത്തിന് തലവേദന സൃഷ്‌ടിക്കാൻ ആതിഥേയര്‍ക്കായി. എന്നാല്‍, ഗോള്‍ കണ്ടെത്താൻ മാത്രം അവര്‍ക്ക് സാധിച്ചില്ല.
89-ാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ നേടുന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഫ്രീ കിക്കില്‍ നിന്നും ഹെഡറിലൂടെ കാസിമിറൊ ലക്ഷ്യം കാണുകയായിരുന്നു. ഏറെ നേരം നീണ്ടുനിന്ന വാര്‍ പരിശോധനയ്‌ക്ക് ശേഷമായിരുന്നു യുണൈറ്റഡിന്‍റെ ഗോള്‍ അനുവദിച്ചത്.