ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം കടുപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം സീസണിലെ 32-ാം റൗണ്ട് മത്സരത്തിന് ഇറങ്ങിയ അവര്‍ ലൂട്ടണ്‍ ടൗണിനെ തകര്‍ത്തിരുന്നു. ഇതോടെ ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകളെ പിന്നിലാക്കി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും സിറ്റി എത്തി.
സീസണില്‍ ഇതുവരെ 32 മത്സരം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 22 ജയങ്ങളാണ് സ്വന്തമാക്കിയത്. 73 പോയിന്‍റാണ് നിലവിലെ ഒന്നാം സ്ഥാനക്കാരായ സിറ്റിയ്‌ക്കുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച ആഴ്‌സണലിനും ലിവര്‍പൂളിനും 71 പോയിന്‍റാണ് നിലവില്‍.
32-ാം റൗണ്ട് മത്സരങ്ങള്‍ക്കായി ഇന്ന് ഇരു ടീമും കളത്തിലിറങ്ങുന്നത് കൊണ്ട് തന്നെ പോയിന്‍റ് പട്ടിക ഇനിയും മാറി മറിയാം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസാണ് ലിവര്‍പൂളിന്‍റെ എതിരാളികള്‍. പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ആസ്റ്റണ്‍വില്ലയെ ആണ് നിര്‍ണായക പോരാട്ടത്തില്‍ ആഴ്‌സണല്‍ നേരിടുന്നത്.
അതേസമയം, ലൂട്ടണ്‍ ടൗണിനെതിരായ മത്സരത്തില്‍ 5-1 എന്ന സ്കോറിന്‍റെ വമ്പൻ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ സന്ദര്‍ശകരായെത്തിയ ലൂട്ടണ്‍ ടൗണിനെ നിഷ്‌ഭ്രമമാക്കുന്നതായിരുന്നു സിറ്റിയുടെ പ്രകടനം.
മത്സരത്തിന്‍റെ രണ്ടം മിനിറ്റില്‍ ലൂട്ടണ്‍ ടൗണ്‍ താരം ഡൈകി ഹഷിയോക്കയുടെ സെല്‍ഫ് ഗോളിലാണ് മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തിയത്. പിന്നീട്, നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താൻ ആതിഥേയര്‍ക്കായില്ല. 1-0 എന്ന നിലയിലായിരുന്നു ഒന്നാം പകുതി അവസാനിച്ചത്.
രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ മാറ്റിയോ കൊവാസിച്ചിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് ഉയര്‍ത്തുന്നത്. പിന്നീട്, ലഭിച്ച അവസരങ്ങളില്‍ മിക്കതും ഗോളാക്കി മാറ്റാൻ അവര്‍ക്കായി. 76-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എര്‍ലിങ് ഹാലന്‍ഡ് ലീഡ് മൂന്നാക്കി.
81-ാം മിനിറ്റില്‍ ലൂട്ടണ്‍ ടൗണും സിറ്റിയുടെ വലയില്‍ പന്തെത്തിച്ചു. റോസ് ബാര്‍ക്ക്‌ലിയാണ് സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടിയത്. 87-ാം മിനിറ്റില്‍ ജെര്‍മി ഡോക്കുവിലൂടെ സിറ്റി നാലാമത്തെ ഗോളും നേടി. ഇഞ്ചുറി ടൈമില്‍ ജോഷ്‌കോ ഗാര്‍ഡിയോളാണ് ആതിഥേയരുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ഏപ്രില്‍ 26ന് ബ്രൈറ്റണിന്‍റെ തട്ടകമായ ഫാല്‍മെര്‍ സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാകുന്നത്.