ലണ്ടൻ: പ്രീമിയര്‍ ലീഗ് കിരീടത്തില്‍ തുടര്‍ച്ചയായ നാലാം തവണയും മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ചാമ്പ്യന്മാര്‍ ആരാകും എന്നറിയാൻ ലീഗിന്‍റെ അവസാന ദിവസം വരെ കാത്തിരിക്കേണ്ടി വന്ന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയാണ് സിറ്റിയുടെ കിരീടധാരണം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു എത്തിഹാദില്‍ സീസണിലെ അവസാന മത്സരത്തില്‍ സിറ്റിയുടെ വിജയം.
ഈ ജയത്തോടെ 38 കളിയില്‍ നിന്നും 91 പോയിന്‍റ് നേടിയാണ് സിറ്റിയുടെ കിരീടധാരണം. ലീഗിന്‍റെ അവസാന ദിവസം വരെ കിരീടപ്പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയ്‌ക്കും സംഘത്തിനും വെല്ലുവിളി ഉയര്‍ത്തിയ ആഴ്‌സണല്‍ 89 പോയിന്‍റോടെ സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു.
സമനില കൊണ്ട് തൃപ്‌തിപ്പെടാൻ സാധിക്കുന്നതായിരുന്നില്ല മാഞ്ചസ്റ്റര്‍ വെസ്റ്റ്‌ഹാമിനെതിരായ മത്സരം. അതുകൊണ്ട് തന്നെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയം മാത്രം ലക്ഷ്യമിട്ടായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്മാര്‍ പന്ത് തട്ടാനിറങ്ങിയത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുഴങ്ങി രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി ലക്ഷ്യം കണ്ടു.
സീസണിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഫില്‍ ഫോഡൻ ആയിരുന്നു മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സിറ്റിയ്‌ക്ക് ലീഡ് സമ്മാനിച്ചത്. പിന്നാലെ, 18-ാം മിനിറ്റിലും ഫോഡൻ തന്നെ വെസ്റ്റ്ഹാം വല കുലുക്കി. ഇതോടെ, ആദ്യ അരമണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പായി തന്നെ രണ്ട് ഗോളിന്‍റെ ലീഡ് പിടിച്ച് കിരീടത്തോട് അടുക്കാൻ സിറ്റിക്കായി.
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് പിടിച്ച സിറ്റിയ്‌ക്കെതിരെ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഗോള്‍ മടക്കാൻ വെസ്റ്റ്‌ഹാമിനായി. മുഹമ്മദ് കുഡുസിന്‍റെ തകര്‍പ്പൻ ബൈസിക്കിള്‍ കിക്കിലൂടെയാണ് സന്ദര്‍ശകര്‍ സിറ്റി വലയില്‍ പന്തെത്തിച്ചത്. ഇതോടെ, 2-1 എന്ന നിലയിലാണ് ആദ്യ പകുതി അവസാനിച്ചത്.
രണ്ടാം പകുതിയിലും സിറ്റി മികവ് തുടര്‍ന്നു. മത്സരത്തിന്‍റെ 59-ാം മിനിറ്റില്‍ റോഡ്രിയിലൂടെയാണ് സിറ്റി ലീഡ് വീണ്ടും ഉയര്‍ത്തുന്നത്. ഇതോടെ സ്കോര്‍ 3-1 ആയി. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ വെസ്റ്റ്‌ഹാം നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കാണാതെ വന്നതോടെ സിറ്റി ലീഗ് ചരിത്രത്തിലെ തങ്ങളുടെ എട്ടാമത്തെ കിരീടം ഉറപ്പിക്കുകയായിരുന്നു.
അതേസമയം, പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ ലീഗിലെ അവസാന മത്സരത്തില്‍ എവര്‍ട്ടണെ പരാജയപ്പെടുത്തിയിരുന്നു. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പീരങ്കിപ്പടയുടെ ജയം. ഒരു ഗോളിന് പിന്നില്‍പ്പോയ തിരിച്ചടിച്ചെങ്കിലും സിറ്റിയുടെ ജയത്തോടെ ഈ മത്സരഫലം അപ്രസക്തമാകുകയായിരുന്നു.