ചെന്നൈ : കരിയറില്‍ 100ാം ടെസ്റ്റിന് ഇറങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ താരം ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ (Laxman Sivaramakrishnan). ആശംസ നേരുന്നതിനായി അശ്വിനെ (R Ashwin) പലതവണ ഫോണില്‍ വിളിച്ചുവെങ്കിലും തന്‍റെ കോള്‍ കട്ട് ചെയ്‌തുവെന്നാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ ആരോപിക്കുന്നത്. പിന്നീട് മെസേജ് അയച്ചുനോക്കിയപ്പോള്‍ അതിന് മറുപടി ലഭിച്ചില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ പോസ്റ്റിട്ടിരിക്കുന്നത്.
അശ്വിന്‍റെ നൂറാം ടെസ്റ്റിന് ആശംസകൾ അറിയിക്കാൻ നിരവധി തവണ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചു. എന്‍റെ കോൾ കട്ട് ചെയ്യുകയാണുണ്ടായത്. പിന്നീട് മെസേജ് അയച്ചു. അതിനാവട്ടെ മറുപടിയും ലഭിച്ചില്ല. ഇതാണ് ഞങ്ങൾ മുൻ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം" - ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ എഴുതി.
ഇതിന് പിന്നാലെ അശ്വിനെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ച് മറ്റൊരു പോസ്റ്റിട്ട അദ്ദേഹം താരത്തെക്കുറിച്ചുള്ള തന്‍റെ മുന്‍ പ്രസ്‌താവനയില്‍ ഒരു വിശദീകരണം കൂടി നല്‍കുന്നുണ്ട്. "സംസ്കാരമുള്ള ആളുകളിൽ നിന്നാണ് ബഹുമാനം ലഭിക്കുന്നത്. അശ്വിന്‍റെ ബോളിങ് ആക്ഷനിലെ ചെറിയൊരു പിഴവ് തിരുത്തുന്നതിനായി ഞാന്‍ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. അതൊരു വിമര്‍ശനമായിരുന്നില്ല" എന്നാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു അശ്വിനെ പരിഹസിക്കുന്ന തരത്തിലുള്ള ട്വീറ്റുമായി ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ രംഗത്ത് എത്തിയിരുന്നത്. പന്ത് കുത്തിത്തിരിയുന്ന ഇന്ത്യയിലെ പിച്ചുകളില്‍ ഏതൊരു വിഡ്ഢിക്കും വിക്കറ്റുകള്‍ നേടാന്‍ കഴിയും. ഫീല്‍ഡല്‍ എന്ന നിലയില്‍ അശ്വിന്‍ ടീം ഇന്ത്യയ്‌ക്ക് വലിയ ബാധ്യതയാണ്.
ഇന്ത്യന്‍ ടീമില്‍ മോശം ഫിറ്റ്‌നസുള്ള കളിക്കാരനാണ് അശ്വിനെന്നുമായിരുന്നു ശിവരാമകൃഷ്‌ണന്‍ പറഞ്ഞിരുന്നത്. എകദിന ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു പ്രസ്‌തുത വിമര്‍ശനം. അന്ന് അശ്വിന്‍ തന്നെ വിളിക്കുകയും ആക്ഷനിലെ പിഴുവുകളെക്കുറിച്ച് സംസാരിച്ചിരുന്നതായും 58-കാരന്‍ പിന്നീട് പറഞ്ഞിരുന്നു.
ALSO READ: അപൂര്‍വങ്ങളില്‍ അപൂര്‍വം; അശ്വിനും ബെയർസ്റ്റോയും എലൈറ്റ് ലിസ്റ്റിലേക്ക്
അതേസമയം ഇംഗ്ലണ്ടിനെതിരെ നാളെ ധര്‍മ്മശാലയിലാണ് അശ്വിന്‍ തന്‍റെ കരിയറിലെ 100-ാം ടെസ്റ്റ് കളിക്കുന്നത്. ഇന്ത്യന്‍ ടീമിനായി 100 ടെസ്റ്റുകള്‍ കളിക്കുന്ന മൂന്നാമത്തെ മാത്രം സ്പിന്നറും 14-ാമത്തെ താരവുമാണ് അശ്വിന്‍. ഇന്ത്യ-ഇംഗ്ലണ്ട് (India vs England) അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരമാണിത്.
ALSO READ: ആരാധകര്‍ക്ക് വമ്പന്‍ കോള് ; ടി20 ലോകകപ്പ് മൊബൈലില്‍ ഫ്രീ ആയി കാണാം
നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3-1ന് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 28 തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു ഇംഗ്ലണ്ടിന് ആതിഥേയര്‍ വമ്പന്‍ തിരിച്ചടി നല്‍കിയത്. വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കുമായിരുന്നു ഇന്ത്യ വിജയം പിടിച്ചത്.