വിശാഖപട്ടണം: കാലം മൂര്‍ച്ചയേറ്റിയ താരമാണ് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson). ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള (India vs England 2nd Test) ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ വെറ്ററന്‍ താരത്തിനും ഇടം ലഭിച്ചിരുന്നു. വിശാഖപട്ടണത്ത് കളിക്കാന്‍ ഇറങ്ങിയതോടെ ഒരു വമ്പന്‍ റെക്കോഡ് പേരിലാക്കിയിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍.
ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച ഏറ്റവും പ്രായം കൂടിയ പേസ് ബോളറെന്ന റെക്കോഡാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് വിശാഖപട്ടണത്ത് കളിക്കാനിറങ്ങുമ്പോള്‍ 41 വയസും 187 ദിവസവുമാണ് ആൻഡേഴ്‌സണിന്‍റെ പ്രായം. നേരത്തെ ഇന്ത്യയുടെ മുന്‍ താരം ലാല അമർനാഥിന്‍റെ (Lala Amarnath) പേരിലായിരുന്നു പ്രസ്‌തുത റെക്കോഡുള്ളത്.
41 വയസും 92 ദിവസവും പ്രായമുള്ളപ്പോള്‍ പാക്കിസ്ഥാനെതിരെ കളിക്കാനിറങ്ങിയാണ് ലാല അമർനാഥ് ഈ നേട്ടം കൈവരിച്ചത്. 1952-ൽ ആയിരുന്നു ലാല അമർനാഥ് പാകിസ്ഥാനെതിരെ കളിച്ചത്. ഇതിന് 72 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ പ്രസ്‌തുത റെക്കോഡ് പൊളിച്ചത്. ഇരുവരും മാത്രമാണ് ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച 40 വയസിന് മുകളില്‍ പ്രായമുള്ള പേസര്‍മാര്‍.
റേ ലിൻഡ്വാൾ (38 വർഷം, 112 ദിവസം), ഷട്ട് ബാനർജി (37 വർഷം, 124 ദിവസം), ഗുലാം ഗാർഡ് (34 വർഷം, 20 ദിവസം) എന്നിവരാണ് ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച മറ്റ് പ്രായം കൂടിയ പേസര്‍മാര്‍. രസകരമായ കാര്യമെന്തെന്നാല്‍ പട്ടികയില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒഴികെയുള്ള താരങ്ങളെല്ലാം തന്നെ 1961-ന് മുമ്പാണ് കളത്തിലിറങ്ങിയിട്ടുള്ളത്. ഇന്ത്യയുടെ മൂന്ന് തലമുറയ്‌ക്ക് എതിരെ പന്തെറിയാന്‍ അവസരം ലഭിച്ച ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇതു ആറാം തവണയാണ് ഇവിടെ ടെസ്റ്റ് പരമ്പരയ്‌ക്ക് എത്തുന്നത്.
സിംബാബ്‌വെയുടെ മുന്‍ സ്‌പിന്നര്‍ ജോൺ ട്രൈക്കോസാണ് ഇന്ത്യയില്‍ ടെസ്റ്റിനിറങ്ങിയ ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍. ഇന്ത്യന്‍ മണ്ണില്‍ തന്‍റെ 45-ാം വയസില്‍ കളിച്ചാണ് ജോൺ ട്രൈക്കോസ് റെക്കോഡിട്ടത്. പാകിസ്ഥാന്‍റെ അമീര്‍ ഇലാഹി (44), ഇംഗ്ലണ്ടിന്‍റെ ഹാരി എലിയറ്റ് (42), ഇന്ത്യയുടെ വിനു മങ്കാദ് (41) എന്നിവരും പട്ടികയിലുണ്ട്.
അതേസമയം ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയിരിക്കുന്നത്. മാര്‍ക്ക് വുഡിന് പകരം ജെയിംസ് ആന്‍ഡേഴ്‌സണെത്തിയപ്പോള്‍ ജാക്ക് ലീച്ചിന്‍റെ പകരക്കാരനായി ഷൊയ്ബ് ബഷീറിനാണ് അവസരം കിട്ടിയത്.
ഇന്ത്യ (പ്ലേയിങ് ഇലവന്‍): യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.
ഇംഗ്ലണ്ട് (പ്ലേയിങ് ഇലവന്‍): സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍.