ന്യൂഡല്‍ഹി : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരില്‍ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണെയും പിന്നിലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്‌റ്റൻ റിഷഭ് പന്ത്. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ പുറത്താകാതെ 43 പന്തില്‍ 88 റണ്‍സ് പന്ത് അടിച്ചെടുത്തിരുന്നു. ഇതോടെ, ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കാണ് റിഷഭ് പന്ത് ഉയര്‍ന്നത്.
സീസണിലെ ഒൻപത് മത്സരങ്ങളില്‍ നിന്നായി 48.86 ശരാശരിയില്‍ 342 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 161.32 സ്‌ട്രൈക്ക് റേറ്റിലാണ് സീസണില്‍ പന്തിന്‍റെ ബാറ്റിങ്. 21 സിക്‌സറും 27 ഫോറും അടിച്ചെടുക്കാനും പന്തിന് സാധിച്ചിട്ടുണ്ട്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമൻ. എട്ട് കളികളില്‍ നിന്നും 63.17 ശരാശരിയില്‍ 379 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. 150.39 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന കോലി ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്‌റ്റിയും നേടിയിട്ടുണ്ട്.
ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകൻ റിതുരാജ് ഗെയ്‌ക്‌വാദാണ്. എട്ട് കളികളില്‍ 349 റൺസ് ആണ് ഗെയ്‌ക്‌വാദിന്‍റെ സമ്പാദ്യം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ അവസാന മത്സരത്തില്‍ സെഞ്ച്വറി അടിച്ചതോടെയാണ് ചെന്നൈ നായകൻ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദര്‍ശൻ ആണ് പന്തിന് പിന്നില്‍ പട്ടികയിലെ നാലാമൻ. 9 മത്സരങ്ങളില്‍ നിന്നും 334 റണ്‍സാണ് ഗുജറാത്തിന്‍റെ ഇടം കയ്യൻ ബാറ്റര്‍ ഇതുവരെ നേടിയത്. ട്രാവിസ് ഹെഡ് ആണ് നിലവില്‍ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരൻ.
ആറ് മത്സരങ്ങളില്‍ നിന്നും 324 റണ്‍സ് സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ഇതുവരെ അടിച്ച് കൂട്ടിയിട്ടുണ്ട്. 216 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. ഓറഞ്ച് ക്യാപ്പിനായുള്ള പോരിലെ ആദ്യ അഞ്ച് സ്ഥാനക്കാരില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിന് ഉടമയും ഹെഡ് ആണ്.
എട്ട് കളികളില്‍ നിന്നായി 318 റണ്‍സ് നേടിയ റിയാൻ പരാഗാണ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്ത്. പരാഗിന് പിന്നില്‍ ഏഴാമതാണ് സഞ്ജുവിന്‍റെ സ്ഥാനം. എട്ട് കളികളില്‍ 314 റണ്‍സാണ് രാജസ്ഥാൻ റോയല്‍സ് നായകന്‍റെ സമ്പാദ്യം. ശിവം ദുബെ (311), ശുഭ്‌മാൻ ഗില്‍ (304), രോഹിത് ശര്‍മ (303) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തിലെ മറ്റ് താരങ്ങള്‍.