മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മിന്നും പ്രകടനമാണ് മുംബൈ പേസര്‍ ജസ്‌പ്രീത് ബുംറ നടത്തിയത്. വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. 5.20 മാത്രമായിരുന്നു ഇക്കോണമി.
ബെംഗളൂരുവിന്‍റെ പ്രധാന താരങ്ങളായ വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ക്ക് പുറമെ മഹിപാല്‍ ലോംറോര്‍, സൗരവ് ചൗഹാന്‍, വിജയ് കുമാര്‍ വൈശാഖ് എന്നിവരെയായിരുന്നു ബുംറ തന്‍റെ ഇരകളാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ബെംഗളൂരുവിനെതിരെ ഇതാദ്യമായാണ് ഒരു താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.
ടൂര്‍ണമെന്‍റില്‍ ബുംറയുടെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ബുംറയും എത്തി. ജെയിംസ് ഫോക്ക്‌നർ, ജയ്ദേവ് ഉനദ്‌ഘട്ട്, ഭുവനേശ്വർ കുമാർ എന്നിവരും ടൂര്‍ണമെന്‍റില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.
ആർസിബിക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറായും ബുംറ മാറി. 26 വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ രവീന്ദ്ര ജഡേജയെയും സന്ദീപ് ശർമയെയുമാണ് ബുംറ മറികടന്നത്. നിലവില്‍ ആർസിബിക്കെതിരെ 29 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടില്‍. അതേസമയം ഐപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ പത്തിലേക്ക് കയറാനും ബുംറയ്‌ക്ക് കഴിഞ്ഞു.
ഹർഭജൻ സിങ്ങിനെ പിന്തള്ളിയാണ് ബുംറ ആദ്യ പത്തിലേക്ക് എത്തിയത്. നിലവില്‍ 125 മത്സരങ്ങളിൽ നിന്ന് 22.56 ശരാശരിയിൽ 155 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. നേരത്തെ പത്താമത് ഉണ്ടായിരുന്ന ഹര്‍ഭജന്‍ സിങ് 163 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
കൂടാതെ ഐപിഎൽ 2024 -ലെ വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പ് കൈവശമാക്കാനും പ്രകടനത്തോടെ ബുംറയ്‌ക്ക് കഴിഞ്ഞു. അഞ്ച് മത്സരങ്ങളിൽ നിന്ന് 11.90 ശരാശരിയിൽ 10 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ യുസ്‌വേന്ദ്ര ചാഹലിനും അഞ്ച് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുണ്ട്. 13.20 ആണ് ശരാശരി.
അതേസമയം മത്സരത്തില്‍ ബെംഗളൂരുവിനെ ഏഴ് വിക്കറ്റുകള്‍ക്ക് തകര്‍ക്കന്‍ മുംബക്ക് കഴിഞ്ഞിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു നിശ്ചിത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 15.3 ഓവറില്‍ 199 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.