മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തില്‍ ഒമ്പതാം നമ്പറിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ സ്റ്റാര്‍ ബാറ്റര്‍ എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. തന്‍റെ ടി20 കരിയറിൽ ഇതാദ്യമായാണ് ധോണി ഒമ്പതാം നമ്പറില്‍ എത്തുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ബൗള്‍ഡായി താരത്തിന് മടങ്ങേണ്ടി വന്നു.
ഇതിന് പിന്നാലെ ബാറ്റിങ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യാന്‍ എത്തുന്ന പ്രവര്‍ത്തിക്ക് ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍. ധോണി ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
"എംഎസ് ധോണി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗുണം ചെയ്യില്ല. അതു ടീമിന്‍റെ ലക്ഷ്യവുമായി യോജിക്കുന്നതല്ല. അദ്ദേഹത്തിന് 42 വയസ്സുണ്ടെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹം മികച്ച ഫോമിലാണ്.
ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറി അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കണം. കുറഞ്ഞത് 4 മുതൽ 5 ഓവർ വരെ ബാറ്റ് ചെയ്യണം. നിലവില്‍ അവസാന ഓവറിലോ, അല്ലെങ്കില്‍ അവസാന രണ്ട് ഓവറുകളിലോ മാത്രമാണ് അദ്ദേഹം ബാറ്റുചെയ്യുന്നത്. ചെന്നൈയെ സംബന്ധിച്ച് അതു ഗുണം ചെയ്യില്ല"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
"ചെന്നൈ പ്ലേഓഫിലേക്ക് യോഗ്യത നേടുന്നത് നമ്മള്‍ കാണാനിടയുണ്ട്. അതിനായി ഇനിയുള്ള മത്സരങ്ങളില്‍ 90 ശതമാനവും അവർക്ക് വിജയിക്കേണ്ടതുണ്ട്. ഫോമിലുള്ള ഒരു സീനിയര്‍ ബാറ്റര്‍ എന്ന നിലയില്‍, അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ ഇറങ്ങേണ്ടതുണ്ട്.
ഡൗണ്‍ ഓര്‍ഡറില്‍ ചില മത്സരങ്ങളില്‍ ഇംപാക്‌ട് ഉണ്ടാക്കിയെന്ന് കരുതി എപ്പോഴും അതിന് കഴിയണമെന്നില്ല. ടീമിന് ആവശ്യമുള്ളപ്പോള്‍ ശാര്‍ദുല്‍ താക്കൂറിനെ നേരത്തെ അയച്ച് പിന്നോട്ട് പോകാന്‍ കഴിയില്ല. ചിലകാര്യങ്ങളില്‍ ചെന്നൈക്ക് പ്രവര്‍ത്തിക്കാനുണ്ട്. നാല് ഓവറെങ്കിലും ബാറ്റ് ചെയ്യുവെന്ന് ആരെങ്കിലും ധോണിയോട് പറയുക തന്നെ വേണം. " ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.
അതേസമയം സീസണില്‍ മികച്ച ഫോമിലാണ് ധോണി കളിക്കുന്നത്. 7 ഇന്നിംഗ്‌സുകളിൽ നിന്നും 55 ശരാശരിയിലും 224.49 സ്‌ട്രൈക്ക് റേറ്റിലും 110 റൺസാണ് താരം നേടിയിട്ടുള്ളത്. പഞ്ചാബിനെതിരായ മത്സരത്തില്‍ ധോണിയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ചെന്നൈ 28 റണ്‍സിന്‍റെ വിജയം നേടിയിരുന്നു.