മിലാൻ : ഇറ്റാലിയൻ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്‍റര്‍ മിലാൻ. മിലാൻ ഡെര്‍ബിയില്‍ എ സി മിലാനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ഇന്‍റര്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ കിരീടത്തിലേക്ക് എത്തുകയായിരുന്നു. ലീഗില്‍ ഇന്‍റര്‍ മിലാന്‍റെ 20-ാം കിരീട നേട്ടമാണിത്.
സീസണില്‍ 33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 27 ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പടെ 86 പോയിന്‍റ് നേടിയാണ് ഇന്‍റര്‍ ഇറ്റലിയുടെ രാജാക്കന്മാരായത്. രണ്ടാം സ്ഥാനക്കാരായ എ സി മിലാനേക്കാള്‍ 17 പോയിന്‍റ് ലീഡോടെയാണ് ഇന്‍ററിന്‍റെ കിരീട നേട്ടം. 33 മത്സരങ്ങളില്‍ 21 ജയവും ആറ് സമനിലയും നേടിയ എ സി മിലാന് 69 പോയിന്‍റാണ് ഉള്ളത്.
14 പോയിന്‍റ് ലീഡ് ഉണ്ടായിരുന്നതുകൊണ്ടുതന്നെ സാൻ സിറോ സ്റ്റേഡിയത്തില്‍ എ സി മിലാനെതിരെ സമനില നേടാനായാല്‍ പോലും കിരീടം സ്വന്തമാക്കാം എന്നതായിരുന്നു ഇന്‍റര്‍ മിലാന്‍റെ അവസ്ഥ. എന്നാല്‍, ആതിഥേയര്‍ക്കെതിരെ മികച്ച പ്രകടനം തന്നെ നടത്താൻ ഇന്‍റര്‍ മിലാനായി. മത്സരത്തില്‍ ആദ്യം ലീഡ് പിടിച്ചതും ഇന്‍റര്‍ ആയിരുന്നു.
മത്സരത്തിന്‍റെ 18-ാം മിനിറ്റിലാണ് ഇന്‍റര്‍ മിലാൻ ഗോള്‍ പട്ടിക തുറക്കുന്നത്. ബെഞ്ചമിൻ പവാര്‍ഡിന്‍റെ അസിസ്റ്റില്‍ നിന്നും പ്രതിരോധ നിര താരം ഫ്രാന്‍സെസോ അസെര്‍ബിയാണ് ഇന്‍ററിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പിന്നീട് സ്കോര്‍ ചെയ്യാൻ രണ്ട് ടീമുകള്‍ക്കും സാധിച്ചില്ല.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ഇന്‍റര്‍ മിലാൻ ലീഡ് ഉയര്‍ത്തി. മാര്‍ക്കസ് തുറാം ആയിരുന്നു ഗോള്‍ സ്കോറര്‍. 49-ാം മിനിറ്റിലാണ് ഇന്‍റര്‍ രണ്ടാമത്തെ ഗോള്‍ എ സി മിലാന്‍റെ വലയിലേക്ക് അടിച്ചുകയറ്റിയത്.
മത്സരത്തിന്‍റെ 80-ാം മിനിറ്റില്‍ ഫിക്കായോ തൊമോരി എ സി മിലാനായി ആശ്വാസ ഗോള്‍ കണ്ടെത്തി. അവസാന മിനിറ്റുകളില്‍ കളി കൂടുതല്‍ പരുക്കനായി. എ സി മിലാന്‍റെ രണ്ട് താരങ്ങളും ഇന്‍റര്‍ മിലാന്‍റെ ഒരു താരവും ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
അതേസമയം, ടോറിനോയ്‌ക്കെതിരെയാണ് ലീഗില്‍ ഇന്‍റര്‍ മിലാന്‍റെ അടുത്ത മത്സരം. പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ യുവന്‍റസാണ് എ സി മിലാന്‍റെ അടുത്ത മത്സരത്തിലെ എതിരാളികള്‍.