ന്യൂഡല്‍ഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. രോഹിത് ശര്‍മ ടി20യില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ് സൂര്യയെ പുതിയ നായകനായി നിയമിച്ചിരിക്കുന്നത്. രോഹിത്തിന്‍റെ പിൻഗാമിയായി ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിസിസിഐയുടെ സര്‍പ്രൈസ് നീക്കം.
മുമ്പ് ഏഴ് ടി20 മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയില്‍ അഞ്ചിലും ഇന്ത്യ വിജയിക്കുകയും ചെയ്‌തു. അതേസമയം വൈസ് ക്യാപ്റ്റനായും ഹാര്‍ദിക് പാണ്ഡ്യ ഇല്ല എന്നതും ശ്രദ്ധേയമാണ്. ശുഭ്‌മാന്‍ ഗില്ലാണ് ഏക ദിനത്തിലും ടി20യിലും ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.
🆙 Next 👉 Sri Lanka 🇱🇰#TeamIndia are back in action with 3 ODIs and 3 T20Is#INDvSL pic.twitter.com/aRqQqxjjV0
— BCCI (@BCCI) July 18, 2024
അതേസമയം, ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന അഭിഷേക് ശര്‍മയെ ടീമില്‍ നിന്നും ഒഴിവാക്കി. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ലങ്കയില്‍ ഏകദിന മത്സരങ്ങള്‍ കളിക്കും. ഹര്‍ഷിത് റാണ, റിയാൻ പരാഗ് എന്നിവരാണ് ഏകദിന ടീമിലെ പുതുമുഖങ്ങള്‍. ജൂലൈ 27ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളുമാണുള്ളത്.
ഇന്ത്യയുടെ ടി20 സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, അർഷ്‌ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.
ഇന്ത്യയുടെ ഏകദിന സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്‌റ്റന്‍), വിരാട് കോലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, അർഷ്‌ദീപ് സിങ്, റിയാൻ പരാഗ്, അക്‌സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
Also Read : ഭിന്നശേഷിക്കാരെ കളിയാക്കി ഇൻസ്‌റ്റഗ്രാം വീഡിയോ; യുവരാജ് സിങ്ങും ഹര്‍ഭജനും അടക്കമുള്ള താരങ്ങൾക്കെതിരെ പരാതി