ദുബായ് : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (World Test Championship 2023-25) പോയിന്‍റ് പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയം സ്വന്തമാക്കിയതോടെയാണ് രോഹിതും സംഘവും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്തിയത്. ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം (WTC 2023-25 Updated Points Table).
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം സ്വന്തമാക്കിയ ഇന്ത്യയ്‌ക്ക് 62 പോയിന്‍റാണ് നിലവില്‍. 64.58 ആണ് നിലവില്‍ ടീമിന്‍റെ പോയിന്‍റ് ശതമാനം. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ന്യൂസിലന്‍ഡിന് 60 പോയിന്‍റ് ശതമാനമാണുള്ളത്.
59.09 പോയിന്‍റ് ശതമാനമാണ് മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക്. 11 മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇതുവരെ കളിച്ചിട്ടുണ്ട്. ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് അവരുടെ അക്കൗണ്ടില്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലാണ് നിലവില്‍ ഇന്ത്യൻ ടീം. മാര്‍ച്ച് ഏഴിന് ധരംശാലയില്‍ ആരംഭിക്കുന്ന ഈ മത്സരത്തില്‍ ജയം നേടാൻ സാധിച്ചാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം. ഈ മത്സരം സമനിലയാകുകയോ ഇന്ത്യ തോല്‍ക്കുകയോ ചെയ്‌താല്‍ ഓസ്‌ട്രേലിയ അല്ലെങ്കില്‍ ന്യൂസിലന്‍ഡ് പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്തും.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ അതില്‍ മൂന്നിലും ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ തുടര്‍ന്നുള്ള മൂന്ന് കളികളിലും ജയം സ്വന്തമാക്കുകയായിരുന്നു.
Also Read : വെല്ലിങ്‌ടണ്‍ ടെസ്റ്റില്‍ കിവീസിനെ വീഴ്‌ത്തി ഓസ്‌ട്രേലിയ, നേട്ടം ഇന്ത്യയ്‌ക്കും