രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 126 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 445നെതിരെ ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന്‍റെ പോരാട്ടം 319 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ പതനം വേഗത്തിലാക്കിയത്.
153 റണ്‍സ് നേടിയ ഓപ്പണര്‍ ബെൻ ഡക്കറ്റാണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡക്കറ്റിനൊപ്പം ബെൻ സ്റ്റോക്‌സ് (41), ഒലീ പോപ്പ് (39) എന്നിവരൊഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ടിനായി കാര്യമായ സംഭാവന നല്‍കാനായില്ല. സിറാജിന് പുറമെ ഇന്ത്യൻ നിരയില്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
രാജ്‌കോട്ട് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ചിന് 290 എന്ന നിലയിലായിരുന്നു ഇന്ത്യഓ. തുടര്‍ന്ന് കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് 29 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന അഞ്ച് വിക്കറ്റും നഷ്‌ടമായത്. ബെൻ സ്റ്റോക്‌സിനെ മടക്കി രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ബെൻ ഫോക്‌സിനെ മുഹമ്മദ് സിറാജും മടക്കി. 37 പന്തില്‍ 13 റണ്‍സായിരുന്നു ഫോക്‌സിന് നേടാനായത്. സ്കോര്‍ 299ല്‍ നില്‍ക്കെയായിരുന്നു ഇരുവരുടെയും പുറത്താകല്‍.
പിന്നീട് ക്രീസിലൊന്നിച്ച റെഹാൻ അഹമ്മദ് ടോം ഹാര്‍ട്‌ലി സഖ്യം ടീം ടോട്ടല്‍ ഉയര്‍ത്തി. സ്കോര്‍ 314ല്‍ നില്‍ക്കെ മത്സരത്തിലെ 70-ാം ഓവറിലെ റെഹാനെ (6) സിറാജ് വീഴ്‌ത്തി. അടുത്ത ഓവറില്‍ ടോം ഹാര്‍ട്‌ലിയെ (9) രവീന്ദ്ര ജഡേജയും പുറത്താക്കി. പിന്നീടെത്തിയ സിറാജ് ജെയിംസ് ആൻഡേഴ്‌സണെ ക്ലീൻ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് 319 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. 3 പന്തില്‍ 4 റണ്‍സ് നേടിയ മാര്‍ക്ക് വുഡ് മത്സരത്തില്‍ പുറത്താകാതെ നിന്നു.
രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 207 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റായിരുന്നു നഷ്‌ടമായത്. ജോ റൂട്ട് (18), ജോണി ബെയര്‍സ്റ്റോ (0), ബെൻ ഡക്കറ്റ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്ന് ആദ്യം നഷ്‌ടമായത്. സാക് ക്രാവ്‌ലി (15), ഒലീ പോപ്പ് (39) എന്നിവരെ മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ തന്നെ നഷ്‌ടമായിരുന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്കോറിലേക്ക് എത്തിയത്. സര്‍ഫറാസ് ഖാന്‍ 62 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
Also Read : ഇനിയൊന്നും പറയില്ല, നടപടി മാത്രം; ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത 'വമ്പന്‍'മാര്‍ക്ക് താക്കീതുമായി ബിസിസിഐ