റാഞ്ചി : ബാസ്‌ബോളിനെ ചുരുട്ടിക്കൂട്ടി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സിന് ശേഷം ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ആതിഥേയര്‍ നേടിയെടുക്കുകയായിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ 3-1നാണ് ആതിഥേയര്‍ പരമ്പര പിടിച്ചിരിക്കുന്നത്. സ്‌കോര്‍: ഇംഗ്ലണ്ട് - 353, 145 ഇന്ത്യ- 307, 192/5.
ശുഭ്‌മാന്‍ ഗില്‍ (124 പന്തില്‍ 52*), ധ്രുവ് ജുറെല്‍ (77 പന്തില്‍ 39*) എന്നിവര്‍ പുറത്താവാതെ നിന്നാണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
മൂന്നാം ദിനം വിക്കറ്റ് നഷ്‌ടമില്ലാതെ 40 റണ്‍സ് നേടിയ ഇരുവരും ഇന്ന് 44 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തതിന് ശേഷമാണ് പിരിഞ്ഞത്. 44 പന്തില്‍ 37 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ആദ്യം പുറത്തായത്. ഇംഗ്ലണ്ടിന്‍റെ പാര്‍ട് ടൈം സ്‌പിന്നര്‍ ജോ റൂട്ടിന്‍റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം.
അര്‍ധ സെഞ്ചുറി പിന്നിട്ട രോഹിത്തിനെ സ്‌കോര്‍ ബോര്‍ഡില്‍ 99 റണ്‍സുള്ളപ്പോള്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 81 പന്തില്‍ 55 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് പിടികൂടുകയായിരുന്നു. ഹിറ്റ്‌മാന്‍റെ 17-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറിയില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സുമാണുള്ളത്.
തുടര്‍ന്നെത്തിയ രജത് പടിദാര്‍ വീണ്ടും നിരാശപ്പെടുത്തി. ആറ് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന രജത് ഷൊയ്‌ബ് ബഷീറിന്‍റെ പന്തില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്‍കി. പിന്നാലെ തന്നെ രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവരെ പവലിയനിലേക്ക് തിരിച്ചയച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
ഷൊയ്‌ബ് ബഷീറിനായിരുന്നു ഇരുവരുടേയും വിക്കറ്റ്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ശുഭ്‌മാന്‍ ഗില്‍- ധ്രുവ് ജുറെല്‍ സഖ്യം മികച്ച രീതിയില്‍ കളിച്ച് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എറിഞ്ഞിട്ട് സ്‌പിന്നര്‍മാര്‍ : നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 145 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍മാരായിരുന്നു ഇംഗ്ലീഷ് ടീമിനെ കറക്കിയിട്ടത്. ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ നാല് വിക്കറ്റുകളുമായി കുല്‍ദീപ് യാദവും സന്ദര്‍ശകരുടെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി.
രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 91 പന്തില്‍ 60 റണ്‍സ് നേടിയ സാക്ക് ക്രൗവ്‌ലിയായിരുന്നു ടോപ് സ്‌കോറര്‍. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സിലേക്ക് എത്തിയിരുന്നു. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ പിടിമുറുക്കിയതോടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകളില്‍ വെറും 35 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്.
ബാസ്‌ബോള്‍ വിട്ട് റൂട്ട് : ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ജോ റൂട്ടിന്‍റെ സെഞ്ചുറി മികവിലാണ് 353 റണ്‍സിലേക്ക് എത്തിയത്. ബാസ്‌ബോള്‍ വിട്ടുപിടിച്ച റൂട്ട് 274 പന്തില്‍ പുറത്താവാതെ 122 റണ്‍സായിരുന്നു നേടിയിരുന്നത്. ഇന്ത്യയ്‌ക്കായി ജഡേജ നാലും അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
വീരോചിതം ജുറെല്‍ : മറുപടിക്ക് ഇറങ്ങിയ ഇന്ത്യയ്‌ക്കായി പ്രധാന ബാറ്റര്‍മാരില്‍ യശസ്വി ജയ്‌സ്വാള്‍ (73) ഒഴികെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറെല്‍ നടത്തിയ പോരാട്ടമാണ് 300 കടത്തിയത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് സെഞ്ചുറിയേക്കാള്‍ വിലയുള്ള 90 റണ്‍സായിരുന്നു ധ്രുവ് നേടിയത്. എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവും, ഒമ്പതാം വിക്കറ്റില്‍ ആകാശ് ദീപും ജുറെലിന് കട്ട പിന്തുണ നല്‍കിയത് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായി.
ALSO READ: ഇംഗ്ലണ്ടിനെതിരായ 'റണ്‍വേട്ട' ; വിരാട് കോലിയുടെ വമ്പൻ റെക്കോഡിനൊപ്പം യശസ്വി ജയ്‌സ്വാള്‍