രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 557 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു. 430-4 എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു. ഇന്ത്യയ്‌ക്കായി രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ടസെഞ്ച്വറിയും ശുഭ്‌മാന്‍ ഗില്‍, സര്‍ഫറാസ് ഖാൻ എന്നിവര്‍ അര്‍ധസെഞ്ച്വറികളും സ്വന്തമാക്കി.
രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സ് എന്ന നിലയിലാണ് മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ശുഭ്‌മാന്‍ ഗില്ലും മത്സരത്തിന്‍റെ മൂന്നാം ദിനം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ കുല്‍ദീപ് യാദവും ചേര്‍ന്ന് കരുതലോടെ ഇന്ത്യൻ സ്കോര്‍ ഉയര്‍ത്തി. സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ ഇന്ത്യയ്‌ക്ക് ശുഭ്‌മാന്‍ ഗില്ലിനെ നഷ്‌ടപ്പെട്ടു.
151 പന്ത് നേരിട്ട് 91 റണ്‍സ് നേടിയ ഗില്‍ റണ്‍ ഔട്ട് ആകുകയായിരുന്നു. ഗില്‍ പുറത്തായതോടെ യശസ്വി ജയ്‌സ്വാള്‍ ക്രീസിലേക്കെത്തി. സെഞ്ച്വറി നേടിയ പിന്നാലെ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ജയ്‌സ്വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു.
സ്കോര്‍ 258ല്‍ നില്‍ക്കെ കുല്‍ദീപ് യാദവിന്‍റെ വിക്കറ്റും ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടു. 91 പന്തില്‍ 27 റണ്‍സായിരുന്നു കുല്‍ദീപിന്‍റെ സമ്പാദ്യം. നാലാം ദിവസത്തെ ആദ്യ സെഷനില്‍ ആയിരുന്നു ഈ രണ്ട് വിക്കറ്റും ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
കുല്‍ദീപ് പുറത്തായതോടെ ആറാമനായി സര്‍ഫറാസ് ഖാന്‍ ക്രീസിലേക്കെത്തി. പിന്നീട് ജയ്‌സ്വാളും സര്‍ഫറാസ് ഖാനും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. അതിവേഗത്തിലായിരുന്നു ഇരുവരും ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 314 റണ്‍സായിരുന്നു ഇന്ത്യയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഇടവേള കഴിഞ്ഞ് മത്സരം തുടങ്ങിയതോടെ ഇരുവരും കത്തിക്കയറി. മത്സരത്തില്‍ നേരിട്ട 231-ാം പന്തില്‍ ജയ്‌സ്വാള്‍ ഇരട്ടശതകം പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറിലെ താരത്തിന്‍റ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇത്.
ഇതോടെ ഇംഗ്ലണ്ടിനെതിരെ കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനും ജയ്‌സ്വാളിന് സാധിച്ചു. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും സര്‍ഫറാസ് ഖാൻ അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ജയ്‌സ്വാള്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
പിന്നാലെ, മത്സരത്തിന്‍റെ 98-ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ സ്കോര്‍ 430ല്‍ നില്‍ക്കെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കളി മതിയാക്കുമ്പോള്‍ 236 പന്തില്‍ 214 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയിരുന്നത്. 12 ഫോറും 14 സിക്‌സറും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
മറുവശത്ത് ക്രീസിലുണ്ടായിരുന്ന സര്‍ഫറാസ് ഖാൻ 72 പന്തില്‍ 68 റണ്‍സ് നേടി. ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു സര്‍ഫറാസിന്‍റെ ഇന്നിങ്‌സ്.
Also Read : രാജ്‌കോട്ടില്‍ ജയ്‌സ്വാള്‍ 'ഷോ'; ഇംഗ്ലീഷ് ബൗളര്‍മാരെ 'പഞ്ഞിക്കിട്ട്' കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറി