രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു രാജ്‌കോട്ട് സൗരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തിന്‍റെ മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഇതോടെ, ഇന്ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ അഞ്ചിന് 290 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണിട്ടുണ്ട് (India vs England 3rd Test Day 3 Lunch Score Update).
രാജ്‌കോട്ടില്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 155 റണ്‍സ് പിന്നിലാണ് നിലവില്‍ ഇംഗ്ലണ്ട് ഉള്ളത്. നായകൻ ബെൻ സ്റ്റോക്‌സ് (39), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെൻ ഫോക്‌സ് എന്നിവരാണ് ക്രീസില്‍. ഇവരുടെ ബാറ്റിങ്ങിലാണ് മത്സരത്തില്‍ ഇനി ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.
രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 207 എന്ന നിലയിലാണ് സന്ദര്‍ശകരായ ഇംഗ്ലണ്ട് രാജ്‌കോട്ടില്‍ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ചത്. ഇന്ന് 17 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ തന്നെ ഇംഗ്ലണ്ടിന് ജോ റൂട്ടിനെ (Joe Root) നഷ്‌ടപ്പെട്ടു. 31 പന്തില്‍ 18 റണ്‍സ് നേടിയ താരത്തെ ജസ്‌പ്രീത് ബുംറ (Jasprit Bumrah) യശസ്വി ജയ്‌സ്വാളിന്‍റെ (Ysashasvi Jaiswal) കൈകളിലേക്ക് എത്തിക്കുകയായിരുന്നു.
പിന്നാലെ എത്തിയ ജോണി ബെയര്‍സ്റ്റോയെ (Jonny Bairstow) ക്രീസില്‍ നിലയുറപ്പിക്കാന്‍ കുല്‍ദീപ് യാദവ് (Kuldeep Yadav) അനുവദിച്ചില്ല. നേരിട്ട നാലാം പന്തില്‍ ബെയര്‍സ്റ്റോ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പായിരുന്നു താരത്തിന്‍റെ മടക്കം.
ബെൻ ഡക്കറ്റും ബെൻ സ്റ്റോക്‌സും ചേര്‍ന്ന് പിന്നീട് കരുതലോടെ കളിച്ച് ഇംഗ്ലീഷ് സ്കോര്‍ ഉയര്‍ത്തി. എന്നാല്‍, ഈ കൂട്ടുകെട്ടിനും അധികം ആയുസുണ്ടായില്ല. 153 റണ്‍സ് നേടിയ ഡക്കറ്റിനെ കൂടാരം കയറ്റി കുല്‍ദീപാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 151 പന്തില്‍ 23 ഫോറും രണ്ട് സിക്‌സറും അടങ്ങിയതായിരുന്നു ഡക്കറ്റിന്‍റെ ഇന്നിങ്‌സ്.
മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഓപ്പണര്‍ സാക്ക് ക്രാവ്‌ലി (15), ഒലീ പോപ്പ് (39) എന്നിവരുടെ വിക്കറ്റുകള്‍ ആയിരുന്നു ഇംഗ്ലണ്ടിന് നഷ്‌ടമായത്. രവിചന്ദ്രൻ അശ്വിന്‍ (Ravichandran Ashwin), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരായിരുന്നു രണ്ട് ഇംഗ്ലീഷ് താരങ്ങളേയും രണ്ടാം ദിനത്തില്‍ മടക്കിയത്.
Also Read : ബാറ്റിങ്ങുമില്ല ബോളിങ്ങുമില്ല, ഫീല്‍ഡറായി കളിക്കാം; മൂന്നാം ടെസ്റ്റില്‍ അശ്വിന് പകരം ദേവ്‌ദത്ത് പടിക്കല്‍