രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത് കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്കോര്‍ (India vs England 3rd Test Day 2 Preview). 326-5 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കുന്നത്. രവീന്ദ്ര ജഡേജ (110), കുല്‍ദീപ് യാദവ് (1) എന്നിവരാണ് ക്രീസില്‍.
ധ്രുവ് ജുറെല്‍, രവിചന്ദ്രൻ അശ്വിൻ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റുകളാണ് ഇനി ശേഷിക്കുന്നത്. മത്സരത്തിന്‍റെ രണ്ടാം ദിനത്തിന്‍റെ ആദ്യ മണിക്കൂര്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്. ഒന്നാം ദിവസത്തെ ആദ്യ മണിക്കൂറില്‍ വന്‍ തകര്‍ച്ചയെ ആയിരുന്നു ഇന്ത്യയ്‌ക്ക് നേരിടേണ്ടി വന്നത്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്‌മാന്‍ ഗില്‍ (0), രജത് പടിദാര്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ മത്സരം തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ ആയിരുന്നു ഇന്നലെ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. തുടര്‍ന്ന്, ക്യാപ്‌റ്റൻ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ ആദ്യ മണിക്കൂറിലെ ബാറ്റിങ്ങിനെ അനുസരിച്ചിരിക്കും ഇന്ത്യയുടെ ഭാവി.
രാജ്‌കോട്ടിലെ ഒന്നാം ദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 33 റണ്‍സ് നേടുന്നതിനിടെയാണ് ആദ്യ മൂന്ന് വിക്കറ്റും ആതിഥേയര്‍ക്ക് നഷ്‌ടമായത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യ താളം കണ്ടെത്തി.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 204 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 196 പന്തില്‍ 131 റണ്‍സ് നേടിയ രോഹിത് ശര്‍മയെ മടക്കി മാര്‍ക്ക് വുഡ് ആയിരുന്നു ഈ കൂട്ടുകെട്ട് പൊളിച്ചത്. 14 ഫോറും മൂന്ന് സിക്‌സറും അടങ്ങിയ ഇന്നിങ്സ് ആയിരുന്നു മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ കാഴ്‌ചവച്ചത്.
പിന്നാലെയെത്തിയ സര്‍ഫറാസ് ഖാന്‍ അനായാസം റണ്‍സ് അടിച്ചുകൂട്ടി. 66 പന്തില്‍ 62 റണ്‍സ് നേടിയ സര്‍ഫറാസ് റണ്‍ഔട്ട് ആകുകയായിരുന്നു. 9 ഫോറും 2 സിക്‌സും അടങ്ങിയതായിരുന്നു അരങ്ങേറ്റക്കാരന്‍ സര്‍ഫറാസിന്‍റെ ഇന്നിങ്‌സ്.
മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഇംഗ്ലീഷ് നിരയില്‍ പേസര്‍ മാര്‍ക്ക് വുഡായിരുന്നു കൂടുതല്‍ അപകടകാരി. ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ട വിക്കറ്റുകളില്‍ മൂന്നെണ്ണവും സ്വന്തമാക്കിയത് മാര്‍ക്ക് വുഡ് ആണ്. ടോം ഹാര്‍ട്‌ലി ഒരു വിക്കറ്റാണ് ഒന്നാം ദിനം നേടിയത്.
Also Read : 'എന്‍റെ മാത്രം തെറ്റ്'... സര്‍ഫറാസ് ഖാന്‍റെ റണ്‍ഔട്ടില്‍ ക്ഷമാപണം നടത്തി രവീന്ദ്ര ജഡേജ