ന്യൂഡൽഹി : 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാക്കിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമല്ലാത്തതിനാല്‍ 2008-ലെ ഏഷ്യ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ ക്രിക്കറ്റ് ടൂർണമെന്‍റുകള്‍ കളിച്ചിട്ടില്ല.
2012 ഡിസംബർ മുതൽ 2013 ജനുവരി വരെ ഇന്ത്യയിൽ നടന്ന മത്സരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ഉഭയകക്ഷി പരമ്പര. ഇതിന് ശേഷം ഐസിസി ടൂർണമെന്‍റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്.
എല്ലാ മത്സരങ്ങളും ഒരു നഗരത്തിൽ തന്നെ കളിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയോട് നിർദ്ദേശിച്ചിരുന്നു. ഇന്ത്യ എല്ലാ മത്സരങ്ങളും ലാഹോറില്‍ കളിക്കുമെന്ന് ESPNcriinfo-യും റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യൻ ബോർഡിന് താൽപ്പര്യമില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമേ ടൂർണമെന്‍റിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കുകയുള്ളൂ എന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല മെയ് മാസത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കാനിരുന്ന ഏഷ്യാ കപ്പിലും സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍, പാകിസ്ഥാനെതിരെയുള്ള മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നടന്നത്. ഈ രീചിയില്‍ ഹൈബ്രിഡ് മാതൃകയില്‍ ഇത്തവണയും ഇന്ത്യയുടെ മത്സരം നടത്തണമെന്നാണ് ബിസിസിഐയുടെ നിര്‍ദേശം.
Also Read : 2.5 കോടി അധികമായി വേണ്ട; ടി20 ലോകകപ്പ് ബോണസിന്‍റെ കാര്യത്തില്‍ മാതൃകാപരമായ നിലപാടെടുത്ത് രാഹുല്‍ ദ്രാവിഡ്