മുംബൈ: ഗൗതം ഗംഭീറിന് കീഴില്‍ 'പുതിയ' ഇന്ത്യൻ ടീമിന്‍റെ പ്രയാണം വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെയാണ് ആരംഭിക്കുന്നത്. ജൂലൈ 27ന് തുടങ്ങുന്ന പരമ്പരയില്‍ ടീം ഇന്ത്യ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങള്‍ കളിക്കും. രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യ പരമ്പരയില്‍ തന്നെ ഗംഭീര്‍ ടീമില്‍ നടത്തിയ അഴിച്ചുപണികള്‍ പ്രകടമാണ്.
രോഹിത് ശര്‍മ ടി20യില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ടീമിന്‍റെ നായകാനാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍, അപ്രതീക്ഷിതമായിട്ടായിരുന്നു ടി20 നേതൃസ്ഥാനത്തേക്കുള്ള സൂര്യകുമാര്‍ യാദവിന്‍റെ വരവ്. ഐപിഎല്ലില്‍ ഗംഭീര്‍ കൊല്‍ക്കത്തയുടെ നായകനായിരുന്ന സമയത്ത് ടീമിന്‍റെ വൈസ് ക്യാപ്‌റ്റനായിരുന്നു സൂര്യകുമാര്‍.
സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ടീമിലെ വൈസ് ക്യാപ്‌റ്റൻ പദവിയും നഷ്‌ടമായി. യുവതാരം ശുഭ്‌മാൻ ഗില്ലാണ് ശ്രീലങ്കൻ പര്യടനത്തില്‍ ഇന്ത്യയുടെ ഏകദിന - ടി20 ടീമുകളുടെ ഉപനായകനായി കളത്തിലിറങ്ങുക. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് നായക പദവിയിലേക്ക് ഹാര്‍ദിക്കിനെ പരിഗണിച്ചില്ലെന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ നിന്നുമുയരുന്നുണ്ട്.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഒത്തൊരുമയോടെ നയിക്കാൻ സാധിക്കാതിരുന്നത് മൂലമാണ് ഹാര്‍ദിക്കിനെ ഇന്ത്യയുടെ ക്യാപ്‌റ്റൻസിയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ചിലരുടെ വാദം. കൂടാതെ, താരത്തിന്‍റെ ഫിറ്റ്‌നസ് ചൂണ്ടിക്കാട്ടിയും ചോദ്യം ഉന്നയിക്കുന്നവരുണ്ട്. അടിക്കടി പരിക്കേല്‍ക്കുന്ന താരം നായകനായെത്തിയാല്‍ ടീമിന് തിരിച്ചടി നേരിടേണ്ടി വന്നേക്കാമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
ഈ സാഹചര്യത്തിലാകാം ഹാര്‍ദിക്കിനെ മാറ്റി ശുഭ്‌മാൻ ഗില്ലിനെ രണ്ട് ഫോര്‍മാറ്റിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത്. ഇതോടെ, ഭാവിയില്‍ ഇന്ത്യൻ ടീമിന്‍റെ നായകനായി 24കാരനായ താരം എത്തിയേക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്.
ശ്രേയസ് അയ്യര്‍ ടീമിലേക്ക്: ബിസിസിഐയുടെ സെൻട്രല്‍ കോണ്‍ട്രാക്‌ട് ലിസ്റ്റില്‍ ഇല്ലാത്ത താരമായ ശ്രേയസ് അയ്യര്‍ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന സ്ക്വാഡിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ക്യാപ്‌റ്റനായിരുന്ന ശ്രേയസ് ടീമിലേക്ക് തിരികെയെത്തിയതിന് പിന്നില്‍ ഗംഭീറിന്‍റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ബിസിസിഐ കരാറില്ലാത്ത ഇഷാൻ കിഷൻ ഇപ്പോഴും പുറത്തിരിക്കെയുള്ള ശ്രേയസിന്‍റെ ഈ മടങ്ങിവരവാണ് പലരിലും ചോദ്യചിഹ്നമുയര്‍ത്തുന്നത്.
സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറിയടിച്ച അഭിഷേക് ശര്‍മയ്‌ക്കും ടി20 ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനും ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇടമില്ലെന്നതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു പ്രധാന കാര്യം. കുല്‍ദീപിന് പകരം രവി ബിഷ്‌ണോയ് ടി20 സ്ക്വാഡില്‍ ഉണ്ട്. ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ മെന്‍ററായിരിക്കെ ടീമില്‍ ആദ്യം എത്തിച്ച താരങ്ങളില്‍ ഒരാളാണ് ബിഷ്‌ണോയ്.
സഞ്ജുവിന് പകരം ശിവം ദുബെയും റിയാൻ പരാഗും ഇന്ത്യയുടെ ഏകദിന സ്ക്വാഡിലേക്ക് എത്തിയതും ശ്രദ്ധേയം. അഞ്ച് വര്‍ഷം മുന്‍പ് ആദ്യത്തേയും അവസാനത്തേയും ഏകദിന മത്സരം കളിച്ച താരമാണ് ദുബെ. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ റിയാൻ പരാഗിന് ഏകദിന ടീമിലേക്കുള്ള ആദ്യത്തെ വിളിയാണ് ഇത്. ഇവര്‍ക്കായാണ് അവസാനം കളിച്ച ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച സഞ്ജു സാംസണെ മാറ്റി നിര്‍ത്തിയത്.
Also Read : എന്തുകൊണ്ട് എപ്പോഴും സഞ്ജു...? ബിസിസിഐയ്‌ക്കെതിരെ മുൻ താരം