ഗയാന: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ പിച്ച് ആരെ തുണക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പില്‍ ഗയാന വേദിയാകുന്ന ആറാമത്തെ മത്സരമാണ് ഇന്നത്തേത്.
ഇതുവരെ നടന്ന അഞ്ച് കളികളില്‍ മൂന്നെണ്ണത്തിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്‌ത ടീമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്‌ത ടീം രണ്ട് മത്സരങ്ങളിലും ജയിച്ചു. വെസ്റ്റ് ഇൻഡീസും പാപുവ ന്യൂ ഗിനിയയും തമ്മിലായിരുന്നു ഇവിടുത്തെ ആദ്യ മത്സരം.
ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാപുവ ന്യൂ ഗിനിയ 136 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇൻഡീസ് 19 ഓവറില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു. അടുത്ത മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്‌ത ടീമിനൊപ്പമായിരുന്നു ജയം. പാപുവ ന്യൂ ഗിനിയ 77 റണ്‍സില്‍ ഓള്‍ ഔട്ടായ ഈ മത്സരത്തില്‍ 18.2 ഓവറില്‍ ആയിരുന്നു ഉഗാണ്ട ജയം സ്വന്തമാക്കിയത്.
പിന്നീടുള്ള മൂന്ന് കളിയിലും ആദ്യം ബാറ്റ് ചെയ്‌ത ടീമുകള്‍ വമ്പൻ ജയം സ്വന്തമാക്കി. അഫ്‌ഗാനിസ്ഥാൻ ഉഗാണ്ടയ്‌ക്കെതിരെ 125 റണ്‍സിനും ന്യൂസിലന്‍ഡിനെതിരെ 84 റണ്‍സിനും ജയം നേടിയത് ഇതേ വേദിയില്‍. പിന്നീട്, വെസ്റ്റ് ഇൻഡീസ് ഉഗാണ്ടയെ 134 റണ്‍സിനും തോല്‍പ്പിച്ചു.
ഉഗാണ്ടയ്‌ക്കെതിരായ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാൻ നേടിയ 183 ആണ് ടൂര്‍ണമെന്‍റിലെ ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 6.4 മാത്രമാണ് പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ ശരാശരി പവര്‍പ്ലേ റണ്‍റേറ്റ്. മിഡില്‍ ഓവറുകളിലേക്ക് എത്തുമ്പോള്‍ ഇത് 5.5 ആയും താഴാറുണ്ട്. ഡെത്ത് ഓവറുകളില്‍ 7.6 ആണ് ഗയാനയിലെ ശരാശരി റണ്‍ റേറ്റ്.
സെക്കൻഡ് ബാറ്റിങ് ആകുമ്പോഴേക്കും പിച്ച് കൂടുതല്‍ സ്ലോ ആയേക്കും. അതുകൊണ്ട് തന്നെ സ്പിന്നര്‍മാരുടെ പ്രകടനം വേദിയില്‍ നിര്‍ണായകമാകും. പേസര്‍മാരുടെ സാധ്യതകളെയും എഴുതി തള്ളാൻ സാധിക്കില്ല. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.