ഗയാന: കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിലെ തോൽവിയ്ക്ക് ഇംഗ്ലണ്ടിനോട് കണക്ക് തീർത്ത് ഇന്ത്യ. അഡ്‌ലെയ്‌ഡിൽ അന്ന് 10 വിക്കറ്റിന് ഇംഗ്ലീഷ് പടയ്ക്ക് മുന്നിൽ കീഴടങ്ങിയ ഇന്ത്യ ഇന്ന് ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ അവരുടെ മുഴുവൻ വിക്കറ്റും നേടി 68 റൺസിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ലോകകപ്പ് ഫൈനലിൽ എത്തിയ രോഹിത് ശർമ്മയും കൂട്ടരും ശനിയാഴ്‌ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ കളിയുടെ മൂന്ന് മേഖലയിലും മികവ് കാട്ടാൻ ടീം ഇന്ത്യയ്ക്കായി. മഴ മൂലം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്യാൻ എത്തിയത്. അവസാന മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഒന്നും വരുത്താതെ കളത്തിലിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 171 റൺസ് നേടി.
ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യദാവിന്‍റെയും തകർപ്പൻ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിൽ എറിഞ്ഞൊതുക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്‌തത്.
172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിക്കാൻ അവരുടെ നായകൻ ജോസ് ബട്ട്‌ലറിന് സാധിച്ചിരുന്നു. 15 പന്തിൽ നാല് ബൗണ്ടറി ഉൾപ്പടെ 23 റൺസാണ് ബട്ട്ലർ അടിച്ചെടുത്തത്. പവർപ്ലേയിൽ തന്നെ അക്‌സർ പട്ടേലിനെ കൊണ്ടുവന്ന രോഹിത്തിന്‍റെ നീക്കം കളിയുടെ ഗതി മാറ്റി.
നാലാം ഓവർ എറിയാൻ എത്തിയ അക്‌സർ ആദ്യ പന്തിൽ തന്നെ ബട്ട്‌ലറെ മടക്കി. പിന്നീട്, ഇന്ത്യൻ ബൗളർമാർ തുടർച്ചയായി വിക്കറ്റുകൾ നേടിക്കൊണ്ടേയിരുന്നു. അഞ്ചാം ഓവറിൽ ഫിൽ സാൾട്ടിനെയും (5) ആറാം ഓവറിൽ ജോണി ബെയർസ്റ്റോയെയും (0) ഇംഗ്ലണ്ടിന് നഷ്‌ടമായി.
സ്കോർ 50 പിന്നിടുന്നതിന് മുൻപ് മൊയീൻ അലി (8), സാം കറൻ (2) എന്നിവരും കൂടാരം കയറി. നിലയുറപ്പിച്ച് കളിച്ച ഹാരി ബ്രൂക്കിനെ കുൽദീപ് വീഴ്ത്തിയതോടെ തന്നെ ഇംഗ്ലണ്ട് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. 19 പന്തിൽ 25 റൺസ് നേടിയ ബ്രൂക്ക് ആയിരുന്നു അവരുടെ ടോപ് സ്കോറർ.
ലിയാം ലിവിങ്സ്റ്റൺ (11) റൺഔട്ട് ആയി. ക്രിസ് ജോർഡൻ (1), ആദിൽ റഷീദ് (2), ജോഫ്ര ആർച്ചർ (21), റീസ് ടോപ്ലി (3*) എന്നിങ്ങനെയായിരുന്നു മറ്റ് ഇംഗ്ലീഷ് തരങ്ങളുടെ സംഭാവന. ഇന്ത്യയ്‌ക്ക് വേണ്ടി കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. പേസര്‍ ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റായിരുന്നു മത്സരത്തില്‍ സ്വന്തമാക്കിയത്.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. മൂന്നാം ഓവറില്‍ തന്നെ വിരാട് കോലി (9) റീസ് ടോപ്ലിയുടെ പന്തില്‍ ബൗള്‍ഡായി. പിന്നാലെ സാം കറൻ റിഷഭ് പന്തിനെയും പുറത്താക്കിയതോടെ 5.2 ഓവറില്‍ 40-2 എന്ന നിലയില്‍ ഇന്ത്യ വീണു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ - സൂര്യകുമാര്‍ സഖ്യമാണ് ഇന്ത്യൻ സ്കോര്‍ ഉയര്‍ത്തിയത്.
73 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 39 പന്ത് നേരിട്ട രോഹിത് ശര്‍മ രണ്ട് സിക്‌സും ആറ് ഫോറുമടിച്ച് 57 റണ്‍സ് നേടിയാണ് പുറത്തായത്. 36 പന്തില്‍ 47 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ സമ്പാദ്യം. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 23 റണ്‍സ് നേടി.
ശിവം ദുബെ വീണ്ടും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിലായിരുന്നു താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായത്. രവീന്ദ്ര ജഡേജ 9 പന്തില്‍ 17 റണ്‍സടിച്ച് പുറത്താകാതെ നിന്നു. അക്സര്‍ പട്ടേല്‍ 10 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ക്രിസ് ജോര്‍ഡൻ മൂന്ന് വിക്കറ്റ് നേടിയിരുന്നു.