ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഐസിസി ആസ്ഥാനത്ത് നടന്ന അനൗപചാരിക യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ പാകിസ്ഥാന് പുറമെ, യുഎഇയും വേദിയാവുന്ന തരത്തിലാണ് ഹൈബ്രിഡ് മോഡല്‍ നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.
"2025-ലെ ചാമ്പ്യൻസ് ട്രോഫി യുഎഇയിലും പാകിസ്ഥാനിലുമായി നടക്കുന്ന ഹൈബ്രിഡ് മോഡലിന് എല്ലാബോര്‍ഡുകളും തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇതു എല്ലാവരുടേയും വിജയമാണ്" ഐസിസി വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2031 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഇവന്‍റുകളില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സമാനമായ ക്രമീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമാനമായ രീതിയിൽ 2027 വരെ ഐസിസി ഇവന്‍റുകള്‍ ഷെഡ്യൂൾ ചെയ്യാനാണ് ഐസിസി സമ്മതം അറിയിച്ചിരിക്കുന്നത്. നിർദ്ദിഷ്‌ട കാലയളവിൽ, ശ്രീലങ്കയ്‌ക്കൊപ്പം സംയുക്തമായി വനിതാ ഏകദിന ലോകകപ്പിനും 2026-ലെ പുരുഷ ടി20 ലോകകപ്പിനും ഇന്ത്യ ആതിഥേയത്വം വഹിക്കും.
ഈ ടൂര്‍ണമെന്‍റുകള്‍ക്കായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എത്തില്ല. കൂടാതെ ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിന് പിസിബി ആവശ്യപ്പെട്ട നഷ്‌ടപരിഹാരം ഇപ്പോഴും പരിഗണനയിലാണെന്നും ഐസിസിയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. പാക് മണ്ണിലേക്ക് ടീമിനെ അയക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ ചാമ്പ്യന്‍സ് ട്രോഫിയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു.
ALSO READ: 'ധോണിയുമായി സംസാരിച്ചിട്ട് പത്ത് വര്‍ഷമായി'; ചര്‍ച്ചയായി ഹര്‍ഭജന്‍ സിങ്ങിന്‍റെ വെളിപ്പെടുത്തല്‍
നിലവിലെ സംഭവവികാസങ്ങൾ ക്രിക്കറ്റ് ലോകം ഏറെ നാളായി കാത്തിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ പൂർത്തിയാക്കാൻ വഴിയൊരുക്കും. 150ലധികം പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഇതുവരെ പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. 2012ലായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത്.