ന്യൂഡല്‍ഹി : ഇതിഹാസ താരം പിആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.
പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. 'ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്‍റെ പരിശീലകനാകാൻ പോവുകയാണ്. സീനിയർ ടീമില്‍ നിന്ന് ഞങ്ങൾ 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയർ ടീമിന്‍റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയര്‍ 16-ാം നമ്പർ ജേഴ്‌സി ധരിക്കും.'- ഭോല നാഥ് സിങ് പറഞ്ഞു.
അതേസമയം ഇതിഹാസ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതെന്ന് പിആര്‍ ശ്രീജേഷ് വെളിപ്പെടുത്തിയിരുന്നു. 'എനിക്ക് ഒരു പരിശീലകനാകണം. അതായിരുന്നു എന്‍റെ പ്ലാൻ. എന്നാല്‍ റിട്ടയർമെന്‍റിന് ശേഷം കുടുംബമാണ് ആദ്യം മുന്നില്‍ വരുന്നത്. അവർക്ക് ഇത് സമ്മതമാണോ എന്ന് എനിക്ക് അവരോട് ചോദിക്കണം.'- ശ്രീജേഷ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂനിയർമാരിൽ നിന്ന് തുടങ്ങുക എന്നതാണ് താന്‍ ആഗ്രഹിച്ചതെന്നും രാഹുൽ ദ്രാവിഡ് ഒരു ഉദാഹരണമാണെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. ഒരു കൂട്ടം കളിക്കാരെ വളർത്തിയെടുക്കുന്നതും അവരെ സീനിയർ ടീമിലേക്ക് എത്തിക്കുന്നതും അഭിമാനകരമാണെന്നും പിആര്‍ ശ്രീജേഷ് വ്യക്തമാക്കി.
Also Read : പരിശീലനത്തിനായി 1.5 കോടി രൂപ കൈപ്പറ്റിയെന്നത് വ്യാജം; അശ്വിനി പൊന്നപ്പ, എനിക്ക് പണം ലഭിച്ചിട്ടില്ല