അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ അനായാസ ജയം സ്വന്തമാക്കിയതിന് പിന്നാലെ പോയിന്‍റ് പട്ടികയിലും ഡല്‍ഹി കാപിറ്റല്‍സിന്‍റെ കുതിപ്പ്. ഗുജറാത്തിനെതിരായ മത്സരത്തിന് മുൻപ് പോയിന്‍റ് പട്ടികയിലെ ഒൻപതാം സ്ഥാനക്കാരായിരുന്നു ഡല്‍ഹി. എന്നാല്‍, അഹമ്മദാബാദില്‍ ആതിഥേയരായ ഗുജറാത്തിനെ ആറ് വിക്കറ്റിന് തകര്‍ത്തതോടെ ലീഗ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് എത്താൻ റിഷഭ് പന്തിനും സംഘത്തിനുമായി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെ 89 റൺസില്‍ എറിഞ്ഞിട്ട ഡല്‍ഹി 67 പന്ത് ശേഷിക്കെയായിരുന്നു ജയം നേടിയത്. ഇതോടെ, നെറ്റ് റണ്‍ റേറ്റും മെച്ചപ്പെടുത്താൻ അവര്‍ക്കായി. നിലവില്‍ -0.074 നെറ്റ് റണ്‍ റേറ്റാണ് കാപിറ്റല്‍സിന്.
ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറിയതോടെ മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്തേക്ക് വീണു. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും നാല് തോല്‍വിയുമാണ് മുംബൈ ഇന്ത്യൻസിനുള്ളത്.
അതേസമയം, ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലുള്ള രാജസ്ഥാൻ റോയല്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരങ്ങളില്‍ ആറ് ജയം സ്വന്തമാക്കിയ സഞ്ജുവിനും സംഘത്തിനും 12 പോയിന്‍റാണ് നിലവില്‍. 0.677 ആണ് രാജസ്ഥാൻ റോയല്‍സിന്‍റെ നെറ്റ് റണ്‍ റേറ്റ്.
ആറ് മത്സരങ്ങളില്‍ നിന്നും നാല് ജയം സ്വന്തമായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. ഈ കൂട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കാണ് മികച്ച നെറ്റ് റണ്‍റേറ്റുള്ളത്.
1.399 ആണ് അവരുടെ റണ്‍റേറ്റ്. ചെന്നൈയ്‌ക്ക് 0.726, ഹൈദരാബാദിന് 0.502 എന്നിങ്ങനെയുമാണ് നിലവിലെ നെറ്റ് റണ്‍ റേറ്റ്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍. ആറ് കളികളില്‍ നിന്നും മൂന്ന് ജയങ്ങളാണ് അവരുടെ അക്കൗണ്ടില്‍. ഡല്‍ഹിയോട് അവസാന മത്സരം തോറ്റ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്താണ് നിലവില്‍.
ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയങ്ങളാണ് ഗുജറാത്ത് ടൈറ്റൻസ് ഈ സീസണില്‍ നേടിയത്. ആറ് കളിയില്‍ രണ്ട് ജയം സ്വന്തമാക്കിയ പഞ്ചാബ് കിങ്‌സാണ് എട്ടാം സ്ഥാനത്ത്. ഏഴ് മത്സരത്തില്‍ ഒരു ജയം മാത്രം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.