ന്യൂഡല്‍ഹി : ഇന്ത്യയുടെ മുന്‍ ക്രിക്കറ്ററും ബിജെപി (BJP) എംപിയുമായ ഗൗതം ഗംഭീര്‍ (Gautam Gambhir) രാഷ്‌ട്രീയം അവസാനിപ്പിക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി രാഷ്‌ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് (JP Nadda) ആവശ്യപ്പെട്ടതായി അറിയിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഗൗതം ഗംഭീര്‍ പോസ്റ്റിട്ടിട്ടുണ്ട്.
ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) എന്നിവര്‍ക്ക് നന്ദി പറയുന്നതായി 42-കാരന്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള (Lok Sabha election 2024) തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഗൗതം ഗംഭീറിന്‍റെ അപ്രതീക്ഷിത തീരുമാനം.
ഗംഭീര്‍ രാഷ്‌ട്രീയം വിടാനുള്ള കാരണം വ്യക്തമല്ല. എന്നാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗംഭീറിന് വീണ്ടും ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയായിരുന്നു ഗൗതം ഗംഭീറിന്‍റെ രാഷ്‌ട്രീയ പ്രവേശനം. തുടര്‍ന്ന് ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പ്രമുഖ മുഖങ്ങളില്‍ ഒന്നായി ഗംഭീര്‍ മാറി.
അന്നത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗംഭീര്‍ 6,95,109 വോട്ടിന് ജയിച്ച് കയറിയിരുന്നു. രണ്ടാമത് എത്തിയ കോണ്‍ഗ്രസിന്‍റെ അരവിന്ദര്‍ സിങ് ലവ്‌ലിയെക്കാള്‍ 391,224 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഗംഭീറിനുണ്ടായിരുന്നത്.
2003-ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി അരങ്ങേറ്റം നടത്തിയ ഗംഭീര്‍ 2016 വരെ ടീമിനൊപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും പ്രധാനിയാവാനും ഗംഭീറിന് കഴിഞ്ഞു. ഇന്ത്യക്കായി 242 മത്സരങ്ങളിൽ നിന്ന് 38.95 ശരാശരിയിൽ 20 സെഞ്ചുറികളും 63 അർധസെഞ്ചുറികളും സഹിതം 10,324 റൺസാണ് ഗംഭീർ നേടിയത്.
ALSO READ: ആരും രാജ്യത്തേക്കാൾ വലിയവരല്ല; ബിസിസിഐ തീരുമാനത്തിന് അഭിനന്ദനമെന്ന് കപില്‍
അതേസമയം ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിന്‍റെ (Kolkata Knight Riders) മെന്‍ററായി ഗംഭീര്‍ ചുമതലയേറ്റിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി രണ്ട് സീസണുകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് 42-കാരന്‍ തന്‍റെ പഴയ ടീമായ കൊല്‍ക്കത്തയിലേക്ക് തിരികെ എത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയെ രണ്ട് തവണ കിരീടത്തിലേക്ക് നയിക്കാനും ഗംഭീറിന് കഴിഞ്ഞിരുന്നു.