ന്യൂഡൽഹി: പാകിസ്ഥാൻ വനിതാ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാത്തിമ സനയുടെ പിതാവ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഇതേ തുടര്‍ന്ന് ദുബായില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ടൂർണമെന്‍റിൽ നിന്ന് താരം പിന്മാറി നാട്ടിലേക്ക് മടങ്ങി. ഒക്‌ടോബർ 11, 14 തീയതികളിൽ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനുമെതിരായി നടക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്‌ടമാകും. സനയുടെ അഭാവത്തില്‍ മുനിബ അലി പാക്കിസ്ഥാന്‍റെ താൽക്കാലിക ക്യാപ്റ്റനാകും. ക്രിക്കറ്റ് ടൂർണമെന്‍റുകൾക്കിടയിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കളിക്കാരെ പരിചയപ്പെടാം.
റാഷിദ് ഖാൻ
അഫ്‌ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാന്‍റെ പിതാവ് ഹാജി ഖലീൽ 2018 ഡിസംബറിൽ അന്തരിച്ചു. റാഷിദ് ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്‍റായ ബിഗ് ബാഷ് ലീഗിൽ കളിക്കുകയായിരുന്നു. എന്നാൽ പിതാവിന്‍റെ സംസ്‌കാര ചടങ്ങിൽ റാഷിദ് പങ്കെടുത്തില്ല. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പിതാവിന്‍റെ വേര്‍പാടിന്‍റെ പിറ്റേന്ന് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായി റാഷിദ് കളത്തിലിറങ്ങി. സിഡ്‌നി തണ്ടറിനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
മുഹമ്മദ് സിറാജ്
2020 നവംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യന്‍ പേസർ മുഹമ്മദ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഘോഷ് അന്തരിച്ചു. വാർത്ത സിറാജിനെ ഞെട്ടിച്ചു. എന്നാൽ, രാജ്യത്തിനുവേണ്ടി കളിക്കണമെന്ന മോഹവുമായി സിറാജ് സ്വന്തം നാടായ ഹൈദരാബാദിൽ എത്തിയില്ല. അന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി പിതാവിന് ആദരാഞ്ജലി അർപ്പിച്ചു.
സച്ചിൻ ടെണ്ടുൽക്കർ
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് 1999 ലോകകപ്പിനിടെയാണ് പിതാവ് രമേഷ് ടെണ്ടുൽക്കറെ നഷ്ടപ്പെട്ടത്. ദാരുണമായ വാർത്ത കേട്ട് സച്ചിൻ ഉടൻ തന്നെ രാജ്യത്തേക്ക് മടങ്ങുകയും പിതാവിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു.ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. കെനിയക്കെതിരായ മത്സരത്തിൽ സച്ചിൻ സെഞ്ച്വറി നേടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിരാട് കോലി
വിരാട് കോലിയുടെ പിതാവ് പ്രേം കോഹ്‌ലി 2006ൽ ഹൃദയാഘാതം മൂലം മരിച്ചു. 17 വയസായ വിരാട് ഡൽഹിക്ക് വേണ്ടി രഞ്ജിയിൽ കളിക്കുകയായിരുന്നു. അച്ഛന്‍റെ മൃതദേഹം വീട്ടിലിരിക്കുമ്പോഴാണ് മത്സരത്തിനായി താരം സ്റ്റേഡിയത്തിലേക്ക് പോയത്. കർണാടകയ്‌ക്കെതിരായ മത്സരത്തിൽ 90 റൺസ് നേടിയ വിരാട് ഡൽഹി ടീമിനെ ഫോളോ ഓണിൽ നിന്ന് പുറത്താക്കി.
Also Read: സാമ്പാതാളം; ചിലിയെ തകര്‍ത്ത് ബ്രസീല്‍, വിജയഗോള്‍ അവസാന നിമിഷം