ഡുസെല്‍ഡോര്‍ഫ്: കിലിയൻ എംബാപ്പെ, അന്‍റോയിൻ ഗ്രീസ്‌മാൻ, ഒസ്‌മാൻ ഡെംബലെ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഓസ്‌ട്രിയയുടെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ഫ്രാൻസ്. യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ലോകകപ്പ് റണ്ണര്‍ അപ്പുകളായ ഫ്രഞ്ച് നിരയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രിയ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കീഴടങ്ങിയത്. ഓസ്‌ട്രിയൻ പ്രതിരോധ നിരതാരം മാക്‌സിമിലിയൻ വോബറിന്‍റെ സെല്‍ഫ് ഗോളായിരുന്നു മത്സരത്തില്‍ ഫ്രാൻസിന് തുണയായത്.
ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ മൈതാനത്തിന്‍റെ വലതുഭാഗത്ത് നിന്നും ഡ്രിബിള്‍ ചെയ്‌ത് മുന്നേറിയ ശേഷമെടുത്ത ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള വോബറിന്‍റെ ശ്രമം ഗോളായി മാറുകയായിരുന്നു. ജയത്തോടെ, ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മാറാനും ഫ്രാൻസിനായി.
കരുത്തരായ ഫ്രാൻസിനെ വരിഞ്ഞുമുറുക്കുന്നതായിരുന്നു മത്സരത്തില്‍ ഓസ്‌ട്രിയയുടെ പ്രകടനം. ഫ്രഞ്ച് പടയുടെ ആക്രമണങ്ങഴള്‍ക്ക് കൃത്യമായി തന്നെ തടയിടാൻ അവര്‍ക്കായി. മറുവശത്ത് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയും അവര്‍ ആരാധകരുടെ കയ്യടി നേടി.
ഇടതുവിങ്ങില്‍ അന്‍റോയിൻ ഗ്രീസ്‌മാനെ അനങ്ങാൻ വിടാൻ പോലും ഓസ്‌ട്രിയ അനുവദിച്ചില്ല. ടീമിന് ചെറുതായെങ്കിലും തലവേദനയായത് വലതുവിങ്ങില്‍ ഡെംബലെയുടെ വേഗത്തിലുള്ള നീക്കങ്ങളായിരുന്നു. മധ്യനിരയിലും മികവ് കാട്ടിക്കൊണ്ട് എംബാപ്പെയിലേക്ക് കൂടുതല്‍ പന്ത് എത്തുന്നതും അവര്‍ക്ക് തടയാനായി.
മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താൻ കിലിയൻ എംബാപ്പെയ്‌ക്ക് മികച്ച ഒരു അവസരം ലഭിച്ചിരുന്നു. എന്നാല്‍, ഗോളി മാത്രം മുന്നില്‍ നില്‍ക്കെ താരമെടുത്ത ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു. രണ്ടാം പകുതിയില്‍ പലപ്പോഴായി ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നൻ ഫ്രാൻസിന്‍റെ രക്ഷകനായി. മത്സരത്തില്‍ ഫ്രാൻസിന് ആശ്വാസമായി എടുത്ത് പറയാനുണ്ടായിരുന്നത് എൻഗോളോ കാന്‍റെയുടെ പ്രകടനം മാത്രമായിരുന്നു.
Also Read : സെര്‍ബിയൻ പോരാട്ടവീര്യം മറികടന്ന് ഇംഗ്ലണ്ട്; ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ ഗോളില്‍ ജയം - England vs Serbia Result