വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റില്‍ രണ്ടാം (India vs England 2nd Test) ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം 399 റണ്‍സിന്‍റ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ നേടിയ 396 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ട് 253 റണ്‍സില്‍ ഒതുങ്ങിയിരുന്നു. ഇതോടെ 143 റണ്‍സിന്‍റെ ലീഡ് നേടിയ രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സ് കൂടി കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വിജയ ലക്ഷ്യം ഉയര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞത്.
കളിപിടിച്ച് പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യയും മറുവശത്ത് മുന്നിലെത്താന്‍ ഇംഗ്ലണ്ടും ശ്രമം നടത്തുമ്പോള്‍ വിശാഖപട്ടണത്ത് പോരാട്ടം മുറുകുമെന്നുറപ്പ്. വിജയിച്ചാല്‍ ഇന്ത്യന്‍ മണ്ണില്‍ റെക്കോഡ് തീര്‍ക്കാന്‍ ബെന്‍സ്റ്റോക്‌സിനും സംഘത്തിനും കഴിയും. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളെത്തന്നെ തോല്‍പ്പിച്ച് ഇന്ത്യയിട്ട റെക്കോഡാണ് ഇംഗ്ലണ്ടിന് പൊളിക്കാന്‍ കഴിയുക.
387 റൺസാണ് ടെസ്റ്റില്‍ ഇന്ത്യൻ മണ്ണിലെ എക്കാലത്തെയും മികച്ച ചേസ്. 2008-ൽ ചെന്നൈയിൽ വെച്ച് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു ആതിഥേയര്‍ റെക്കോഡിട്ടത്. (Highest fourth innings target successfully chased in India) ഈ റെക്കോഡ് പൊളിച്ചെഴുതാനുള്ള അവസരമാണ് നിലവില്‍ ഇംഗ്ലണ്ടിന് മുന്നിലുള്ളത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് ചരിത്രം പറയുന്നത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് തവണ മാത്രമാണ് ഇന്ത്യൻ മണ്ണിൽ 250 റണ്‍സില്‍ ഏറെയുള്ള ഒരു സ്‌കോര്‍ പിന്തുടരാന്‍ കഴിഞ്ഞിട്ടുള്ളത്. അഞ്ചില്‍ നാല് തവണയും ലക്ഷ്യം പിന്തുടര്‍ന്ന് നേടിയത് ആതിഥേയർ തന്നെയാണ്. വെസ്റ്റ് ഇന്‍ഡീസിന് മാത്രമാണ് ഇന്ത്യയില്‍ 250 റണ്‍സിന് മുകളിലുള്ള ഒരു ലക്ഷ്യം പിന്തുടരാന്‍ കഴിഞ്ഞിട്ടുള്ളത്. (Test record in India)
37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1987-ലായിരുന്നു വിന്‍ഡീസിന്‍റെ ഈ സൂപ്പര്‍ ചേസ് നടന്നത്. ഇതോടെ നിലവില്‍ ഇംഗ്ലണ്ടിന് മുന്നിലുള്ള ദൗത്യം കഠിനമാണെന്ന് തന്നെ പറയാം. എന്നാല്‍ വിശാഖപട്ടണത്തെ പിച്ച് സ്പിന്നിനെ സഹായിക്കുന്നതിന്‍റെ സൂചനകളൊന്നും ഇതേവരെയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ശുഭ്‌മാന്‍ ഗില്ലിന്‍റെ (Subman Gill) സെഞ്ചുറി പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്. 147 പന്തുകളില്‍ 11 ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 104 റണ്‍സായിരുന്നു ശുഭ്‌മാന്‍ ഗില്‍ നേടിയത്. 45 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് തിളങ്ങിയ മറ്റൊരു താരം.
അതേസമയം ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിന മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റിനെയാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. ആര്‍ അശ്വിനായിരുന്നു താരത്തെ പുറത്താക്കിയത്. സാക്ക് ക്രൗളി (50 പന്തില്‍ 29), റെഹാന്‍ അഹമ്മദ് (8 പന്തില്‍ 9) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. മത്സരത്തില്‍ ഇനി രണ്ട് ദിനം ശേഷിക്കെ ആതിഥേയര്‍ക്ക് ഒമ്പത് വിക്കറ്റുകളും ഇംഗ്ലണ്ടിന് 332 റണ്‍സുമാണ് വിജയത്തിനായി വേണ്ടത്.
ALSO READ: 'പൊന്നുമോനേ, പെരുത്ത് നന്ദി' ; ഗില്ലിനോട് കെവിന്‍ പീറ്റേഴ്‌സണ്‍