ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ. ബാബറിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനെതിരെയാണ് കനേരിയ രംഗത്ത് എത്തിയിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഇതു സംബന്ധിച്ച ഡാനിഷ് കനേരിയയുടെ വാക്കുകള്‍ ഇങ്ങനെ..
"ബാബര്‍ അസം ഒരു സെഞ്ചുറി അടിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് കാണാം. എന്നാല്‍ കോലിയുടെ ചെരുപ്പിന്‍റെ അടുത്തുപോലും അവന്‍ എത്തില്ല. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കന്‍ ബോളര്‍മാര്‍ ബാബറിനെ വരിഞ്ഞ് മുറുക്കി.
അവര്‍ക്കെതിരെ കളിക്കാന്‍ അവന്‍ പ്രയാസപ്പെട്ടു. 40 റണ്‍സ് നേടിയതിന് പിന്നാലെ പുറത്താവുകയും ചെയ്‌തു. ബാബര്‍ ക്രീസില്‍ നിന്ന് പാകിസ്ഥാനെ വിജയിപ്പിക്കണമായിരുന്നു. പാകിസ്ഥാന്‍ ആ മത്സരം ഏകപക്ഷീയമായി വിജയിക്കുകയായിരുന്നു വേണ്ടിയിരുന്നത്"- കനേരിയ പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ന് നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുമെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു. "പാകിസ്ഥാന്‍ ഇന്ന് ഇന്ത്യയോട് ദയനീയമായി പരാജയപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് ഈ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനുള്ള മികവില്ല. ലോകകപ്പിന് വരുമ്പോഴെല്ലാം പാകിസ്ഥാൻ അവരുടെ ബോളിങ്ങിനെ പുകഴ്ത്തിക്കൊണ്ടേയിരിക്കും. എന്നാല്‍ അമേരിക്കയ്‌ക്ക് എതിരായ ആദ്യ മത്സരത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും തന്നെ കണ്ടതാണ്" കനേരിയ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 27000 റണ്‍സും 80 സെഞ്ചുറികളും സ്വന്തമാക്കിയ താരമാണ് വിരാട് കോലി. ഒമ്പത് വര്‍ഷങ്ങള്‍ നീണ്ട തന്‍റെ അന്താരാഷ്‌ട്ര കരിയറില്‍ 14000-ത്തോളം റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. 31 സെഞ്ചുറികളാണ് സമ്പാദ്യം. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് അടുത്തിടെ ബാബര്‍ സ്വന്തമാക്കിയിരുന്നു.
വിരാട് കോലിയെയും രോഹിത് ശര്‍മയെയും പിന്തള്ളിയായിരുന്നു ടി20യിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ബാബര്‍ തലപ്പത്തേക്ക് കയറിയത്. 120 മത്സരങ്ങളില്‍ നിന്നും 4067 റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. 118 മത്സരങ്ങളില്‍ 4038 റണ്‍സ് നേടിയ വിരാട് കോലി രണ്ടാമതാണ്. 152 മത്സരങ്ങളില്‍ നിന്നും 4026 റണ്‍സുമായി രോഹിത് ശര്‍മ മൂന്നാമതുണ്ട്.
അതേസമയം ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.