മുംബൈ: അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി മെഗ താരലേലം ഉണ്ടാകുമോ...? ഒരു ടീമില്‍ എത്ര താരങ്ങളെ നിലനിര്‍ത്താൻ സാധിക്കും...? ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനമെടുക്കുന്നതിനായി ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള യോഗങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ സൂപ്പര്‍ താരം എംഎസ് ധോണിയെ വരാനിരിക്കുന്ന സീസണിലും ടീമില്‍ നിലനിര്‍ത്താൻ ഒരു വിചിത്ര നിര്‍ദേശവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്ത് വന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിയെ വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി 'അണ്‍ക്യാപ്‌ഡ്' താരങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് സിഎസ്‌കെയുടെ ആവശ്യമെന്നാണ് ക്രിക്‌ഇൻഫോയുടെ റിപ്പോര്‍ട്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്താത്ത താരങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. എന്നാല്‍, ഐപിഎൽ അധികൃതരും വിവിധ ടീം പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ സിഎസ്‌കെ പ്രതിനിധികള്‍ മുന്നിലേക്ക് വച്ച ഈ നിര്‍ദേശം മറ്റ് ഫ്രാഞ്ചൈസികള്‍ എതിര്‍ക്കുകയായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷം പിന്നിട്ട താരങ്ങളെ 'അണ്‍ക്യാപ്‌ഡ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന പഴയ ചട്ടം പൊടിതട്ടിയെടുക്കാനായിരുന്നു സിഎസ്‌കെയുടെ ശ്രമം. ഐപിഎല്ലിന് തുടക്കം കുറിച്ച 2008 മുതൽ 2021വരെയായിരുന്നു ഈ നിയമം ഉണ്ടായിരുന്നത്. പിന്നീട് ഇത് നിര്‍ത്താലാക്കുകയായിരുന്നു.
2020 ഓഗസ്റ്റ് 15 നായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും എംഎസ് ധോണി വിരമിച്ചത്. 2022ലെ മെഗ താരലേലത്തിന് മുന്നോടിയായി സിഎസ്‌കെ നിലനിര്‍ത്തിയ രണ്ടാമത്തെ താരമായിരുന്നു ധോണി. രവീന്ദ്ര ജഡേജയായിരുന്നു പട്ടികയില്‍ ഒന്നാമൻ.
ധോണിയെ നിലനിര്‍ത്താൻ 12 കോടിയായിരുന്നു ചെന്നൈ മുടക്കിയത്. പുതിയ സീസണിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന അണ്‍കാപ്‌ഡ് താരങ്ങള്‍ക്ക് പരമാവധി നാല് കോടി രൂപ നല്‍കിയാല്‍ മതിയാകും. ഈ തുകയ്‌ക്ക് ധോണിയെ ടീമില്‍ നിലനിര്‍ത്താനായിരുന്നു ചെന്നൈയുടെ ശ്രമം.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ നിര്‍ദേശത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ നേരിട്ടുതന്നെ എതിര്‍ത്തിരുന്നു. ധോണിയെപ്പോലൊരു താരത്തെ അണ്‍ക്യാപ്‌ഡ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അനാദരവാണെന്ന് കാവ്യ അഭിപ്രായപ്പെട്ടു. ഈ രീതിയില്‍ ധോണിയെ ടീമില്‍ നിലനിര്‍ത്തുകയും മറ്റ് അണ്‍ക്യാപ്‌ഡ് താരങ്ങളെ ഉയര്‍ന്ന തുകയ്‌ക്ക് സ്വന്തമാക്കുകയും ചെയ്യുന്നത് തെറ്റായ പ്രവണതയായിരിക്കും. ഈ സാഹചര്യത്തില്‍ ധോണിയെ നിലനിര്‍ത്തുന്നതിന് പകരം ചെന്നൈ ലേലത്തില്‍ വിടുന്നതായിരിക്കും ഉചിതമെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.
Also Read : ഏകദിനത്തിലേക്ക് കോലിയുടെയും രോഹിത്തിന്‍റെയും തിരിച്ചുവരവ്; കൊളംബോയില്‍ ലങ്കയെ നേരിടാൻ ഇന്ത്യ