ന്യൂജേഴ്‌സി : ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ 12 മാസത്തിനിടെ താരത്തിന്‍റെ വരുമാനം 260 മില്യണണ്‍ ഡോളറായി ഉയര്‍ന്നതായാണ് കണക്ക്. ഫോബ്‌സ് മാഗസിനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
ഫോബ്‌സിന്‍റെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 136 മില്യണ്‍ ആയിരുന്നു റൊണാള്‍ഡോയുടെ സമ്പാദ്യം. ഇതില്‍ നിന്നാണ് ഇത്തവണ താരത്തിന്‍റെ വരുമാനം ഇരട്ടിയോളമായി ഉയര്‍ന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കായി സൗദി അറേബ്യൻ ക്ലബ് അല്‍ നസ്‌ര്‍ 200 മില്യണ്‍ ഡോളറിലധികമാണ് ചെലവഴിക്കുന്നത്. പരസ്യ, സ്പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ നിന്നാണ് താരത്തിന് 60 മില്യണില്‍ അധികം തുക ലഭിക്കുന്നത്. നൈക്കി, ഹെര്‍ബാലൈഫ്, ഫ്രീ ഫയര്‍, അമേരിക്കൻ ടൂറിസ്റ്റര്‍ തുടങ്ങിയ വമ്പൻ ബ്രാന്‍ഡുകളുമായാണ് റൊണാള്‍ഡോയ്‌ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ ഉള്ളത്.
ഫോബ്‌സിന്‍റെ പട്ടികയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം പട്ടികയിലെ രണ്ടാമനായ മെസിയെ ഇത്തവണ ഗോള്‍ഫ് താരം ജോണ്‍ റഹം ആണ് പിന്നിലാക്കിയത്. നിലവിലെ ലോക അഞ്ചാം നമ്പര്‍ താരമായ റഹമിന് 218 മില്യണ്‍ ഡോളറാണ് പ്രതിഫലം ലഭിക്കുന്നത്.
എട്ട് തവണ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയ ലയണല്‍ മെസിയ്ക്ക് 135 മില്യണ്‍ ഡോളറാണ് കളിക്കളത്തിന് അകത്തും പുറത്തും നിന്നുമായി ലഭിക്കുന്നത്. ബാസ്‌കറ്റ് ബോള്‍ താരങ്ങളായ ലെബ്രോണ്‍ ജെയിംസ് ($128.2M), ജിയാനിസ് അന്‍റേറ്റകൗണ്‍പോ ($111M), ജൂണ്‍ മാസത്തോടെ സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ള കിലിയൻ എംബാപ്പെ ($110M), ബ്രസീല്‍ താരം നെയ്‌മര്‍ ജൂനിയര്‍ ($108M), ഫ്രാൻസ് താരം കരീം ബെൻസേമ ($106M), ബാസ്‌കറ്റ് ബോള്‍ താരം സ്റ്റീഫൻ കറി ($102M) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തിലെ മറ്റ് താരങ്ങള്‍.