റിയാദ് : മെസി ആരവങ്ങളില്‍ പ്രകോപിതനായി കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച അല്‍ നസ്‌റിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്പെൻഷൻ. ഒരു മത്സരത്തിലാണ് താരത്തിന് വിലക്ക്. സൗദി അറേബ്യൻ ഫുട്‌ബോള്‍ ഫെഡറേഷനാണ് താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഫെബ്രുവരി 25ന് അല്‍ ഷബാബിനെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു ഗാലറിയിലുണ്ടായിരുന്ന ആരാധകരുടെ മെസി വിളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രകോപിതനായത്. മത്സരത്തില്‍ 3-2 ന്‍റെ ജയം അല്‍ നസ്റാണ് സ്വന്തമാക്കിയത്. അല്‍ ഷബാബിന്‍റെ ഹോം ഗ്രൗണ്ടില്‍ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ താരം ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷൻ അന്വേഷണം ആരംഭിച്ച് നടപടി സ്വീകരിച്ചത്.
സസ്‌പെൻഷന് പുറമെ സൗദി അറേബ്യൻ ഫുട്‌ബോള്‍ ഫെഡറേഷന് 10000 സൗദി റിയാല്‍ (2,666 ഡോളര്‍) താരം പിഴയടയ്‌ക്കണം. കൂടാതെ, പരാതി ഫയൽ ചെയ്യുന്നതിനുള്ള ഫീസിൻ്റെ ചെലവുകൾക്കായി അല്‍ ഷബാബിന് 20000 റിയാല്‍ പിഴയായി നല്‍കണം. നിലവിലെ തീരുമാനം കൂടുതല്‍ അപ്പീലുകള്‍ക്ക് വിധേയമല്ലെന്നും അന്വേഷണ സമിതി വ്യക്തമാക്കി.