ഡോര്‍ട്ട്മുണ്ട് (ജര്‍മനി) : യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിന്‍റെ ആദ്യ പാദ പോരാട്ടത്തില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയെ തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. സ്വന്തം തട്ടകത്തില്‍ പന്ത് തട്ടാനിറങ്ങിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ മുന്നേറ്റ നിര താരം നിക്ലസ് ഫുള്‍കര്‍ഗ് നേടിയ ഗോളായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജയം സമ്മാനിച്ചത്.
സീസണില്‍ ഇരു ടീമും മുഖാമുഖം വന്ന മൂന്നാമത്തെ മത്സരമായിരുന്നു ഇത്. നേരത്തെ ഗ്രൂപ്പ്ഘട്ടത്തില്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം പിഎസ്‌ജി വിജയിച്ചിരുന്നു. രണ്ടാം മത്സരം സമനിലയിലാണ് കലാശിച്ചത്.
എന്നാല്‍, മൂന്നാം തവണ ലീഗ് 1 ചാമ്പ്യന്മാരെ എതിരാളികളായി കിട്ടിയ മത്സരത്തില്‍ മികച്ച പ്രകടനം നടത്താൻ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിന് സാധിച്ചു. മത്സരത്തിന്‍റെ 36-ാം മിനിറ്റില്‍ ആയിരുന്നു ഫുള്‍കര്‍ഗ് അവരുടെ ഗോള്‍ നേടുന്നത്. ഷ്ലോട്ടര്‍ബെക്ക് നല്‍കിയ ലോങ് റേഞ്ചര്‍ പിടിച്ചെടുത്തായിരുന്നു ഡോര്‍ട്ട്മുണ്ടിന്‍റെ മുന്നേറ്റനിര താരം പിഎസ്‌ജി വലയില്‍ പന്തെത്തിച്ചത്.
ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വയ്‌ക്കാൻ സാധിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കുന്നതില്‍ പിഎസ്‌ജി പരാജയപ്പെട്ടിരുന്നു. ഒരു ഗോളിന് പിന്നില്‍ പോയ ഒന്നാം പകുതിയ്‌ക്ക് ശേഷം സമനില ഗോള്‍ കണ്ടെത്താൻ രണ്ടാം പകുതിയില്‍ പിഎസ്‌ജി ആക്രമണവും കടുപ്പിച്ചു. രണ്ടാം പകുതിയില്‍ സൃഷ്‌ടിച്ച അവസരങ്ങളും മുതലാക്കാൻ സാധിക്കാതെ പോയതാണ് അവര്‍ക്ക് തിരിച്ചടിയായത്.
രണ്ടാം ഹാഫില്‍ കിലിയൻ എംബാപ്പെയുടെയും ഹക്കിമിയുടെയും ഷോട്ടുകള്‍ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഗോള്‍ പോസ്റ്റില്‍ ഇടിച്ച് പുറത്തേക്ക് പോയത്. മത്സരം അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ ലഭിച്ച അവസരം ഡെംബാലെയ്‌ക്കും മുതലെടുക്കാനായില്ല.
അതേസമയം, മെയ് എട്ടിനാണ് പിഎസ്‌ജിയും ഡോര്‍ട്‌മുണ്ടും തമ്മിലേറ്റുമുട്ടുന്ന രണ്ടാം പാദ സെമി ഫൈനല്‍ പോരാട്ടം. സ്വന്തം തട്ടകമായ പാര്‍ക് ഡെ പ്രിൻസസ് സ്റ്റേഡിയം വേദിയാകുന്ന ഈ മത്സരം പിഎസ്‌ജിയ്‌ക്ക് ഏറെ നിര്‍ണായകമാണ്.