മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ അടുത്ത മാസം തുടങ്ങാനിരിക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഒന്നിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രോഹിത് ബിസിസിഐയെ സമീപിച്ചതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ തുടക്കത്തിലെ രണ്ട് ടെസ്റ്റുകളിൽ ഒന്നില്‍ നിന്നും തന്നെ ഒഴിവാക്കേണ്ടിവരുമെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായി മനസിലാക്കുന്നു. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് വ്യക്തിപരമായ പ്രശ്‌നം പരിഹരിച്ചാൽ അഞ്ച് ടെസ്റ്റുകളും അദ്ദേഹം കളിച്ചേക്കും. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും"- അദ്ദേഹം പറഞ്ഞു.
അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പര നവംബറിലാണ് ആരംഭിക്കുന്നത്. നവംബർ 22 മുതല്‍ പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയിഡിലാണ് രണ്ടാം മത്സരം. രോഹിത് ഇല്ലെങ്കില്‍ പകരക്കാരനായി അഭിമന്യു ഈശ്വരന്‍ ടീമിലെത്തിയേക്കും.
ഓപ്പണിങ് സ്ഥാനത്തേക്ക് ശുഭ്‌മാന്‍ ഗില്ലിനും കെഎല്‍രാഹുലിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. അതേസമയം ബംഗ്ലാദേശിനെതിനെതിരെ അടുത്തിടെ അവസാനിച്ച രണ്ട് മത്സര പരമ്പര രോഹിത് കളിച്ചിരുന്നു. ഓസീസിനെതിരെ ഇറങ്ങും മുമ്പ് ന്യൂസിലന്‍ഡിനെയാണ് ഇനി ഇന്ത്യയ്‌ക്ക് നേരിടാനുള്ളത്. ഒക്‌ടോബര്‍ 16-നാണ് കിവീസിനെതിരായ മൂന്ന് മത്സര പരമ്പരയ്‌ക്ക് തുടക്കമാവുക.