റോം (ഇറ്റലി) : യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ (UEFA Champions League Round Of 16) ഒന്നാം പാദ മത്സരത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ഇറ്റാലിയന്‍ ക്ലബ് ലാസിയോ. എതിരില്ലാത്ത ഒരു ഗോളിനാണ് മത്സരത്തില്‍ ലാസിയോയുടെ ജയം (Lazio vs Bayern Munich Result). സൂപ്പര്‍ താരം സിറോ ഇമ്മൊബിലെയുടെ (Ciro Immobile) ഗോളാണ് മത്സരത്തില്‍ ആതിഥേയരായ ഇറ്റാലിയന്‍ ക്ലബിന് ജയം സമ്മാനിച്ചത്.
മത്സരത്തില്‍ ഉടനീളം ആധിപത്യം സ്ഥാപിച്ചത് ബയേണ്‍ മ്യൂണിക്കായിരുന്നു. 17 ഷോട്ടുകള്‍ അവര്‍ ലാസിയോ ഗോള്‍ മുഖം ലക്ഷ്യമാക്കി ഉതിര്‍ത്തു. എന്നാല്‍, അതില്‍ ഒരെണ്ണം പോലും ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ അവര്‍ക്കായില്ല.
മത്സരത്തിന്‍റെ 7-ാം മിനിറ്റിലായിരുന്നു ബയേണ്‍ മ്യൂണിക്കിന് ആദ്യ അവസരം ലഭിക്കുന്നത്. മുള്ളര്‍ നല്‍കിയ പാസ് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ ഹാരി കെയ്‌ന് പിഴച്ചു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ബയേണ്‍ പാഴാക്കി. ഗോള്‍ രഹിതമായിട്ടായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ലാസിയോക്കും മികച്ച അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍, അവ മുതലാക്കുന്നതില്‍ അവരും പരാജയപ്പെട്ടു. 67-ാം മിനിറ്റില്‍ ലാസിയോ വിങ്ങര്‍ ഗുസ്‌താവ് ഇസാക്‌സെനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്‌ത ബയേണ്‍ പ്രതിരോധനിര താരം ഡയോട്ട് ഉപമെക്കാനോയ്‌ക്ക് റെഡ് കാര്‍ഡ്.
ഇതോടെ, സന്ദര്‍ശകരായ ബയേണ്‍ മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങി. പിന്നാലെ, ലഭിച്ച പെനാല്‍റ്റി കൃത്യമായി ഇമ്മൊബിലെ ലക്ഷ്യത്തിലേക്ക് എത്തിച്ചതോടെ ലാസിയോ മത്സരത്തില്‍ ജയം ഉറപ്പിച്ച ഗോളും നേടി.
തുടര്‍ന്ന് സമനില ഗോളിനായി ബയേണ്‍ കിണഞ്ഞ് പരിശ്രമിച്ചു. എന്നാല്‍, മത്സരത്തില്‍ ഗോള്‍ നേടാന്‍ മാത്രം അവര്‍ക്കായില്ല. ഒടുവില്‍, തോല്‍വിയോടെ തലകുനിച്ച് മത്സരത്തില്‍ നിന്നും ബയേണ്‍ മ്യൂണിക്കിന് മടങ്ങേണ്ടി വന്നു.
രണ്ടാം പാദ മത്സരത്തില്‍ ലാസിയോയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ബയേണ്‍ മ്യൂണിക്ക്. മാര്‍ച്ച് ആറിനാണ് ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം. ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അരീനയില്‍ വച്ചാണ് ഈ മത്സരം (Bayern Munich vs Lazio UCL Round Of 16 2nd Leg Match)
Also Read : മടങ്ങിവരവ് ഗംഭീരമാക്കി എംബാപ്പെ, ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ സോസിഡാഡിനെ 'നിലംപരിശാക്കി' പിഎസ്‌ജി