ബെര്‍ലിൻ : ജര്‍മ്മൻ ക്ലബ് ബയേര്‍ ലെവര്‍കുസൻ (Bayer Leverkusen) യുവേഫ യൂറോപ്പ ലീഗിന്‍റെ ക്വാര്‍ട്ടറില്‍ കടന്നു. ക്വരബാഗ് എഫ്‌കെയെ (FK Qarabag) തോല്‍പ്പിച്ചാണ് സാബി അലോൻസോയുടെയും (Xabi Alonso) സംഘത്തിന്‍റെയും മുന്നേറ്റം. അസര്‍ബൈജാൻ ക്ലബിനെതിരായ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ 3-2ന് ജയിച്ചാണ് ലെവര്‍കുസൻ അവസാന എട്ടിലേക്ക് കുതിച്ചത് (Bayer Leverkusen vs FK Qarabag Result).
ഇഞ്ചുറി ടൈമില്‍ നേടിയ രണ്ട് ഗോളുകളായിരുന്നു മത്സരത്തില്‍ ലെവര്‍കുസന്‍റെ ജയത്തില്‍ നിര്‍ണായകമായത്. ലെവര്‍കുസനായി പാട്രിക്ക് ഷിക്ക് (Patrick Schik) ഇരട്ടഗോള്‍ നേടി. ജെര്‍മി ഫ്രിംപോങ്ങിന്‍റെ (Jeremie Frimpong) വകയായിരുന്നു ഒരു ഗോള്‍.
ആദ്യ പാദത്തില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടിയ മത്സരം സമനിലയിലാണ് കലാശിച്ചത്. ആ മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി. ഇതോട, രണ്ടാം പാദ മത്സരം ഇരു ടീമിനും നിര്‍ണായകമായിരുന്നു.
ബയേര്‍ ലെവര്‍കുസന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു രണ്ടാം പാദ മത്സരം. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും രണ്ട് ടീമിനും ഗോളിലേക്ക് എത്താൻ സാധിച്ചില്ല. ഗോള്‍ രഹിതമായ ഒന്നാം പകുതിയ്‌ക്ക് ശേഷം മത്സരത്തില്‍ ആദ്യ ഗോള്‍ നേടുന്നത് സന്ദര്‍ശകരായ ക്വരബാഗാണ്.
അബ്‌ദെല്ല സൗബിര്‍ സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചു. 58-ാം മിനിറ്റിലായിരുന്നു ഈ ഗോളിന്‍റെ പിറവി. 67-ാം മിനിറ്റില്‍ ജുനീനോ ക്വരബാഗിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതിനിടെ മത്സരത്തിന്‍റെ 63-ാം മിനിറ്റില്‍ ക്വരബാഗിന്‍റെ ഡിഫന്‍ഡര്‍ എല്‍വിൻ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ, 10 പേരായിട്ടായിരുന്നു അസര്‍ബൈജാൻ ക്ലബ് മത്സരത്തിന്‍റെ ശേഷിക്കുന്ന സമയം കളിച്ചത്.
രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു മത്സരത്തിലേക്ക് സാബി അലോൻസോയുടെ സംഘത്തിന്‍റെ ഗംഭീര തിരിച്ചുവരവ്. ക്വരബാഗ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി അഞ്ച് മിനിറ്റ് പിന്നിട്ടതോടെ ലെവര്‍കുസൻ തിരിച്ചടിച്ചു. 72-ാം മിനിറ്റില്‍ ജെര്‍മി ഫ്രിംപോങ്ങായിരുന്നു ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്.
പിന്നീട്, തുടര്‍ച്ചയായ ഗോള്‍ ശ്രമങ്ങള്‍. നിശ്ചിത സമയത്ത് ഗോളിലേക്ക് എത്താൻ ലെവര്‍കുസന് സാധിച്ചില്ല. എന്നാല്‍, ഇഞ്ചുറി ടൈമില്‍ കളി മാറി.
93-ാം മിനിറ്റില്‍ അലെക്‌സ് ഗ്രിമാല്‍ഡോയുടെ പാസ് സ്വീകരിച്ച് പാട്രിക്ക് ഷിക്ക് മത്സരത്തില്‍ ലെവര്‍കുസനെ ഒപ്പമെത്തിച്ചു. ഇതോടെ, അഗ്രഗേറ്റ് സ്കോര്‍ 4-4 ആയി. മത്സരത്തിന്‍റെ 97-ാം മിനിറ്റില്‍ ഷിക്ക് ക്വരബാഗ് എഫ്‌കെയെ ഞെട്ടിച്ചു.
ബയേര്‍ ലെവര്‍കുസന് വിജയഗോള്‍. 5-4 എന്ന അഗ്രിഗേറ്റ് സ്കോറില്‍ കളി പിടിച്ച് ജര്‍മ്മൻ ക്ലബ് യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍. ഈ സീസണില്‍ സാബി അലോൻസയ്‌ക്കും സംഘത്തിനും തോല്‍വി അറിയാതെയുള്ള 37-ാം മത്സരം കൂടിയായിരുന്നു ഇത്.