മലേഷ്യ : ബാഡ്‌മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യൻഷിപ്പില്‍ (Badminton Asia Team Championship 2024) ചരിത്രത്തില്‍ ആദ്യമായി ജേതാക്കളായി ഇന്ത്യ. ഇന്ത്യയുടെ വനിത ബാഡ്‌മിന്‍റണ്‍ ടീമാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത് (India Wins Badminton Asia Team Championship For The First Time). മലേഷ്യയിലെ സെലാങ്കോറിൽ നടന്ന ഫൈനലില്‍ തായ്‌ലന്‍ഡ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന ഇന്ത്യ 3-2നാണ് ജയം പിടിച്ചത്.
പിവി സിന്ധു (PV Sindhu), ഗായത്രി ഗോപിചന്ദ് - ട്രീസ ജോളി (Gayatri Gopichand - Treesa Jolly), അൻമോൽ ഖർബ് (Anmol Kharb) എന്നിവരാണ് ഫൈനലില്‍ ഇന്ത്യയ്‌ക്കായി ജയം നേടിയത്. വനിത സിംഗിള്‍സില്‍ പിവി സിന്ധു ആയിരുന്നു ഇന്ത്യയ്‌ക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. 39 മിനിറ്റ് നീണ്ട് നിന്ന പോരാട്ടത്തില്‍ 21-12, 21-12 എന്ന സ്കോറിനായിരുന്നു പിവി സിന്ധു തായ്‌ലൻഡ് താരത്തെ തകര്‍ത്തത്.
പിന്നാലെ, ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗായത്രി ഗോപിചന്ദ് - ട്രീസ ജോളി സഖ്യവും ജയം സ്വന്തമാക്കി. 21-16, 18-21, 21-16 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്‍റെ ജയം. അവസാന ഗെയിമില്‍ 6-11 എന്ന സ്കോറിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇരുവരും തിരിച്ചടിച്ച് ജയം നേടിയത്.
സെമി ഫൈനലില്‍ മുന്‍ ലോക ചാമ്പ്യൻ ജപ്പാന്‍റെ നൊസോമി ഒകുഹാരയെ തകര്‍ത്ത അഷ്‌മിത ചാലിഹയ്‌ക്ക് ഫൈനലില്‍ പിഴച്ചു. 11-21, 14-21 എന്ന സ്കോറുകള്‍ക്കാണ് താരം രണ്ട് ഗെയിമും നഷ്‌ടപ്പെടുത്തിയത്. രണ്ടാം ഡബിള്‍സ് മത്സരവും ഇന്ത്യ കൈവിട്ടിരുന്നു.
നിര്‍ണായക മത്സരത്തില്‍ 16കാരിയായ അൻമോല്‍ ഖര്‍ബ് ഇന്ത്യയ്‌ക്കായി ജയം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ലോക 45-ാം നമ്പര്‍ താരത്തെയാണ് 472-ാം റാങ്കുകാരിയായ അൻമോല്‍ പരാജയപ്പെടുത്തിയത്.