ട്രിച്ചി (തമിഴ്‌നാട്): വർഷം 2006, ഏഷ്യയിലെ പ്രമുഖ കായിക വേദിയിൽ നടന്ന ലിംഗ പരിശോധനയിൽ തോറ്റ് തമിഴ്‌നാട് കായികതാരം ശാന്തിയുടെ മെഡൽ നീക്കം ചെയ്യപ്പെട്ടു. 800 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയ ആ സന്തോഷം ശാന്തിയിൽ അധികനേരം നീണ്ടുനിന്നില്ല.
2024ലെ ഓളിബിക്‌സിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന്‍റെ പേരിൽ രാജ്യം മുഴുവൻ ദുഃഖിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം 18 വർഷം മുമ്പും നടന്നിരുന്നു. എന്നാൽ ശാന്തിയെ അയോഗ്യയാക്കുന്നതിന് മുമ്പ് തമിഴ്‌നാട് സർക്കാർ അവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Women who stand tall will always have their womanhood questioned. It was the same with our athlete Shanthi and now #ImaneKhelif. Your strength and resilience inspire us all.#SupportImane pic.twitter.com/iLFhy9HQZF
— Kanimozhi (கனிமொழி) (@KanimozhiDMK) August 6, 2024
മുഖ്യമന്ത്രി കരുണാനിധിയെ കാണാൻ ചീഫ് സെക്രട്ടേറിയറ്റിലേക്ക് വരികയായിരുന്നു ശാന്തി. അവരെ അയോഗ്യയാക്കിയ വിവരം ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. മെഡൽ ഇല്ലാത്ത ഒരാൾക്ക് സമ്മാനത്തുക നൽകണോ? എന്ന ചോദ്യം അവിടെ ഉയർന്നു. എന്നാൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി "ഓടിയത് കാലുകളാണ്" എന്ന് കരുണാനിധി പറഞ്ഞു. ശാന്തിയെ നേരിട്ട് വിളിച്ച് അദ്ദേഹം ഉപഹാരം നൽകി.
അതിന് ശേഷം 18 വർഷങ്ങൾക്കിപ്പുറം ചരിത്രത്തിൽ ഇത്തരമൊരു സംഭവം വീണ്ടും അരങ്ങേറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അൽജീരിയൻ ബോക്‌സർ ഇമാനെ ഖലീഫിനെ പിന്തുണച്ച് തൂത്തുക്കുടി എംപി കനിമൊഴി രംഗത്തെത്തി. തലയുയർത്തി നിൽക്കുന്ന സ്‌ത്രീകളുടെ സ്‌ത്രൈണത എപ്പോഴും ചോദ്യം ചെയ്യപ്പെടും. ഞങ്ങളുടെ കായികതാരം ശാന്തിക്കും ഇമാനെ ഖലീഫിനും അതാണ് നേരിടേണ്ടി വന്നത്. നിങ്ങളുടെ കരുത്തും നിശ്ചയദാർഢ്യവും ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നുവെന്ന് കനിമൊഴി ഇൻസ്‌റ്റാഗ്രാമിൽ കുറിച്ചു.
ഇതിന് പിന്നാലെ ഇടിവി ഭാരത് ഏഷ്യൻ അത്‌ലറ്റ് ശാന്തി സൗന്ദരാജനെ ബന്ധപ്പെടുകയും അവർക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്‌തു.
"2006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ ഞാൻ വെള്ളി മെഡൽ നേടി. അതായിരുന്നു എന്‍റെ അവസാന മത്സരം. ലിംഗ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലോക കായിക വേദിയിലെ തെറ്റായ നടപടികളുടെ ഉദാഹരണമാണ്. ഇത്തരം മെഡിക്കൽ പരിശോധനകൾ സ്ത്രീകൾക്കെതിരായ ആക്രമണമായാണ് ഞാൻ കാണുന്നത്" - ശാന്തി സൗന്ദരാജൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇതുപോലുള്ള കാര്യങ്ങൾ തുടർന്നാൽ, ഭാവിയിൽ നിരവധി സ്‌ത്രീകൾ കായികരംഗത്തേക്ക് വരുന്നത് കുറയുമെന്ന് ശാന്തി വ്യക്തമാക്കി. മാത്രമല്ല ലിംഗ വിവാദം സ്‌ത്രീകളെ എങ്ങനെ ബാധിക്കുമെന്ന് ആരും ചിന്തിക്കാറില്ലെന്നും അവർ പറഞ്ഞു. അതേസമയം പുരുഷന്മാർക്ക് അത്തരം ഒരു പരിശോധനയും നടക്കുന്നില്ലെന്നും ശാന്തി കൂട്ടിച്ചേർത്തു. ഈ ലോകത്ത് ജനിക്കുന്ന എല്ലാ മനുഷ്യരെയും നമ്മൾ തുല്യരായി കാണണം. എല്ലാ സർക്കാരുകളും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും പുരുഷന്മാരെയും സ്‌ത്രീകളെയും തുല്യമായി കാണണം എന്നും ശാന്തി സൂചിപ്പിച്ചു.
മനഃശാസ്‌ത്രപരമായ പ്രശ്‌നങ്ങൾ: "അന്ന് അനുഭവിക്കേണ്ടി വന്ന മാനസിക പ്രശ്‌നങ്ങളിൽ നിന്ന് ഇതുവരെയും ഞാൻ കരകയറിയിട്ടില്ല. അത്തരമൊരു പ്രശ്‌നത്തിൽ നിന്ന് വിമോചിതയാവുക എന്നത് അത്ര എളുപ്പമല്ല. അങ്ങനെ ഒരു പ്രശ്‌നം നേരിടേണ്ടി വരുന്ന ഒരാളുടെ ജീവിതത്തിൽ പിന്നീട് സമാധനം ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
“ഏഷ്യൻ ഗെയിംസിലെ ലിംഗ പരിശോധന കഴിഞ്ഞ് തമിഴ്‌നാട്ടിൽ വന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി എനിക്ക് 15 ലക്ഷം രൂപ നൽകി, അതുമാത്രമല്ല എനിക്ക് വീടും അദ്ദേഹം വെച്ച് നൽകി. തമിഴ്‌നാട് സർക്കാർ എനിക്കൊപ്പം നിന്നു. എന്നെപ്പോലെ കഷ്‌ടപ്പെടുന്ന എല്ലാ കായികതാരങ്ങളെയും സർക്കാർ പിന്തുണയ്ക്കണം എന്നും ശാന്തി പറഞ്ഞു.
ടെസ്‌റ്റോസ്‌റ്റിറോൺ: "ഒരു വ്യക്തിയുടെ ശരീരത്തിലെ ടെസ്‌റ്റോസ്‌റ്റിറോൺ എന്ന ഹോർമോണിന്‍റെ അളവ് പുരുഷന്മാരിൽ കൂടുതലും സ്‌ത്രീകളിൽ കുറവുമാണ്. എന്നാൽ, പരിശീലന സമയത്ത് സ്‌ത്രീ കായികതാരങ്ങൾക്ക് പുരുഷന്മാരേക്കാൾ ഈ ഹോർമോണിന്‍റെ അളവ് കൂടും. അപ്പോൾ അതിന്‍റെ അടിസ്ഥാനത്തിൽ ആ സ്‌ത്രീ ഒരു പുരുഷനാണെന്ന് പറയാൻ കഴിയില്ല.
അതേ സമയം, സ്പോർട്‌സിനായി പരിശീലിക്കുന്ന ചില പുരുഷന്മാർക്ക് ടെസ്‌റ്റോസ്‌റ്റിറോൺ കുറയും, എന്നാൽ അവരെ സ്ത്രീകളായി കണക്കാക്കുന്നില്ല. ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണ് ടെസ്‌റ്റോസ്‌റ്റിറോൺ. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്‌ത്രീകളെ വിലക്കുന്നത് തെറ്റായ കീഴ്വഴക്കവും, നടപടിയുമാണെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
കനിമൊഴി: ബോക്‌സർ ഇമാനെ ഖലീഫിനെയും എന്നെയും തൂത്തുക്കുടി എംപി കനിമൊഴി പിന്തുണച്ചിരുന്നു. വളരെ സന്തോഷമുള്ള കാര്യമാണത്. ഇത്തരം രാഷ്‌ട്രീയ നേതാക്കളും, സെലിബ്രിറ്റികളും ദുരിതബാധിതരായ കായികതാരങ്ങൾക്ക് പിന്തുണ നൽകണം. എങ്കിൽ മാത്രമേ ഇങ്ങനെയുള്ള കായിക താരങ്ങളുടെ അവസ്ഥ പുറംലോകമറിയൂ.
വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത: ഓരോ ഇന്ത്യക്കാരനും ദുഃഖിക്കേണ്ട ഒരു കാര്യമാണത്. ഇന്ത്യക്ക് ഒരു മെഡൽ നഷ്‌ടമായി. അത് വലിയ നഷ്‌ടമാണ്. "എല്ലാവരും വ്യത്യസ്‌തമായ കാര്യങ്ങളാണ് പറയുന്നത്, യഥാർത്ഥ അവസ്ഥ എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല," ശാന്തി പറഞ്ഞു.
Also Read: വിനേഷ് ഫോഗട്ടിന്‍റെ അപ്പീല്‍; വിധി ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ്