മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിനായി ഇന്ത്യൻ ടീം നാളെ കളത്തിലിറങ്ങുകയാണ്. സൂര്യകുമാര്‍ യാദവിന് കീഴില്‍ നാല് ടി20 പോരാട്ടങ്ങള്‍ക്കായി പ്രോട്ടീസ് മണ്ണിലെത്തിയിരിക്കുന്ന സംഘത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണുമുണ്ട്. ടീമിന്‍റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറുമായാണ് സഞ്ജു ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിന്‍റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറുമാകുന്നത്. അടുത്തിടെ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും ഇതേ റോളായിരുന്നു സഞ്ജുവിന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങാനിരിക്കെ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായ സഞ്ജുവിന്‍റെ പ്രധാന ദൗര്‍ബല്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ.
ജിയോ സിനിമയുടെ ടോക്ക് ഷോയില്‍ സംസാരിക്കവെയാണ് കുംബ്ലെയുടെ പ്രതികരണം. ബാറ്റിങ്ങില്‍ സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്‌മയെ കുറിച്ചാണ് കുംബ്ലെയും തുറന്ന് പറഞ്ഞത്. ശരിയായ രീതിയില്‍ താരത്തെ ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം മാറ്റിയെടുക്കാൻ സാധിക്കുമെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
'ദീര്‍ഘനാളത്തേക്ക് സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുന്നതിനെ കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ച്വറി അവന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരിക്കും. ഒരു ബാറ്റര്‍ എന്ന നിലയില്‍ സഞ്ജുവിന്‍റെ ശേഷി നമുക്ക് എല്ലാവര്‍ക്കും അറിയാം. ശരിക്കുമൊരു ക്ലാസ് പ്ലെയറാണ് അവൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍, സ്ഥിരതയില്ലായ്‌മ സഞ്ജുവിന്‍റെ ബാറ്റിങ്ങില്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. ഇക്കാര്യം സെലക്‌ടര്‍മാരും ശ്രദ്ധിക്കുന്നുണ്ടാകും. ടോപ് ഓര്‍ഡറില്‍ പ്രത്യേകിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ അവനെ കളിപ്പിക്കുന്നതായിരിക്കും ശരിയായ സമീപനം. ഈ പൊസിഷനുകളില്‍ ഏതെങ്കിലുമൊന്ന് സഞ്ജുവിന് നല്‍കിയാല്‍ അവൻ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
Anil Kumble raises concerns over Sanju Samson’s consistency ahead of the South Africa T20I series.#INDvSA #SanjuSamson #TeamIndia #CricketTwitter pic.twitter.com/DQhRinsRmH
— InsideSport (@InsideSportIND) November 6, 2024
ഇതിലൂടെ, പേസര്‍മാര്‍ക്കെതിരെ കളിക്കാൻ അവന് ഒരുപാട് സമയം ലഭിക്കും. സ്‌പിന്നര്‍മാര്‍ക്കെതിരെയും അപകടകാരിയായി സഞ്ജു മാറും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാല് മത്സരങ്ങളിലും തനിക്കുണ്ടാകുന്ന സമ്മര്‍ദത്തെ സഞ്ജു എങ്ങനെ അതിജീവിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ്'- അനില്‍ കുംബ്ലെ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ പരമ്പരയ്‌ക്ക് മുന്‍പ് നടന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി20 പരമ്പരയില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങളില്‍ ഡക്കായി അന്ന് സഞ്ജുവിന് മടങ്ങേണ്ടി വന്നു. എന്നാല്‍, ബംഗ്ലാദേശിനെതിരായ മത്സരങ്ങളില്‍ സഞ്ജു ഇതിന്‍റെ ക്ഷീണം മാറ്റി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്കോര്‍ കണ്ടെത്താൻ സാധിക്കാതിരുന്ന സഞ്ജു മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് തിളങ്ങുകയായിരുന്നു. മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്.
Will Sanju Samson stamp his authority as an opener against South Africa? 🤔
— ESPNcricinfo (@ESPNcricinfo) November 7, 2024
Full feature by @ashishpant43 👉 https://t.co/U0nOM5RbTy pic.twitter.com/nFYPQI0omZ
അതേസമയം, അന്താരാഷ്‌ട്ര കരിയറില്‍ സഞ്ജുവിന് ഏറ്റവും പ്രധാനപ്പെട്ട പരമ്പര കൂടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായത്. ശുഭ്‌മാൻ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരുടെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്കയില്‍ സഞ്ജുവിന് ഓപ്പണറായും വിക്കറ്റ് കീപ്പറായും ഇരട്ട റോള്‍ ലഭിച്ചത്. ഇവര്‍ മടങ്ങിയെത്തിയാലും ടി20 ടീമില്‍ തന്‍റെ സ്ഥാനം സ്ഥിരമായി നിലനിര്‍ത്തണമെങ്കില്‍ ഈ പരമ്പരയില്‍ സഞ്ജുവിന് മികവ് തുടര്‍ന്നേ മതിയാകൂ.
Also Read : വിരാട് കോലിയും ബാബര്‍ അസമും ഒരേ ടീമില്‍..! ഏഷ്യ-ആഫ്രോ ക്രിക്കറ്റ് പരമ്പര തിരിച്ചെത്തുന്നു
ഇന്ത്യൻ സ്ക്വാഡ്: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാൻ, യാഷ് ദയാല്‍, വിജയകുമാര്‍ വൈശാഖ്.