മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനത്തിന് മുന്‍പ് വിക്കറ്റ് കീപ്പര്‍മാരായി ആര് ടീമിലേക്ക് എത്തും എന്നതായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരുടെ പേരുകളായിരുന്നു തുടക്കം മുതല്‍ തന്നെ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടത്. എന്നാല്‍, സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ കെഎല്‍ രാഹുലിനെ ഒഴിവാക്കാൻ ആയിരുന്നു ബിസിസിഐയുടെ തീരുമാനം.
ഇതോടെ, റിഷഭ് പന്തും സഞ്ജു സാംസണും ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുകയായിരുന്നു. ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്നതിനിടെയായിരുന്നു കെഎല്‍ രാഹുലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് രാഹുലിനെ ഒഴിവാക്കി എന്നതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബിസിസിഐ ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഓപ്പണിങ് ബാറ്ററാണ് കെഎല്‍ രാഹുല്‍. ലോകകപ്പ് സ്ക്വാഡിലേക്ക് തങ്ങള്‍ക്ക് മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന ആളെ വേണ്ടിയിരുന്നത് കൊണ്ടാണ് ഈ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കാതിരുന്നതെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. അജിത് അഗാര്‍ക്കറുടെ പ്രതികരണം ഇങ്ങനെ...
'കെഎല്‍ രാഹുല്‍ മികച്ച താരം തന്നെയാണെന്നത് സംശയം ഇല്ലാത്ത കാര്യമാണ്. ഞങ്ങള്‍ ഇവിടെ തിരഞ്ഞത് മധ്യനിരയില്‍ ബാറ്റ് ചെയ്യാൻ കെല്‍പ്പുള്ളവരെയാണ്. ആവശ്യമെങ്കില്‍ ബാറ്റിങ്ങില്‍ താഴേക്ക് ഇറങ്ങി കളിക്കാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സിനായി റിഷഭ് പന്ത് അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. രാഹുല്‍ ആണോ അതോ ഇവരാണോ മികച്ചത് എന്നതല്ല ഇവിടുത്തെ കാര്യം. നമുക്ക് വേണ്ട സ്ലോട്ടില്‍ ആരെ കളിപ്പിക്കാം എന്നതായിരുന്നു ഞങ്ങളുടെ ചിന്ത'- അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.
ടി20 ലോകകപ്പ് ഇന്ത്യന്‍ സ്ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍