മസ്ക്കറ്റ്: എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പ് 2024 ചാമ്പ്യന്മാരായി അഫ്‌ഗാനിസ്ഥാൻ എ. അല്‍ അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ശ്രീലങ്ക എയെ 7 വിക്കറ്റിനാണ് അഫ്‌ഗാന്‍റെ കൗമാരപ്പട തകര്‍ത്തത്. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം സിദിഖുല്ല അടലിന്‍റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ 11 പന്ത് ശേഷിക്കെ അഫ്‌ഗാനിസ്ഥാൻ എ മറികടക്കുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ അഫ്‌ഗാനിസ്ഥാന്‍റെ കന്നിക്കിരീടമാണിത്.
134 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്‌ഗാന്‍റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സുബൈദ് അക്ബരിയെ അവര്‍ക്ക് നഷ്‌ടമായി. മൂന്നാം നമ്പറിലിറങ്ങിയ അഫ്‌ഗാൻ നായകൻ ഡാര്‍വിഷ് റസൂലിയും ഓപ്പണര്‍ സിദിഖുല്ലയും ചേര്‍ന്ന് അധികം കേടുപാടുകളൊന്നുമില്ലാതെ തന്നെ ടീമിനെ പവര്‍പ്ലേ കടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍, മത്സരത്തിന്‍റെ ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. ദുഷാൻ ഹേമന്തയുടെ പന്തില്‍ നുവാനിഡു ഫെര്‍ണാണ്ടോയ്‌ക്ക് ക്യാച്ച് നല്‍കി അഫ്‌ഗാൻ നായകൻ ഡാര്‍വിഷ് (20 പന്തില്‍ 24) മടങ്ങുമ്പോള്‍ 43 റണ്‍സായിരുന്നു അവരുടെ സ്കോര്‍ ബോര്‍ഡില്‍. പിന്നാലെയെത്തിയ കരീം ജന്നത്ത് (27 പന്തില്‍ 33) സിദിഖുല്ലയ്‌ക്ക് മികച്ച പിന്തുണ നല്‍കി. 15-ാം ഓവറില്‍ ജന്നത്ത് മടങ്ങിയെങ്കിലും പിന്നാലെ വന്ന മുഹമ്മദ് ഇഷാഖ് (6 പന്തില്‍ 16) സിദിഖുല്ലയ്‌ക്കൊപ്പം (55) അഫ്‌ഗാനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
𝐖𝐡𝐚𝐭 𝐀 𝐁𝐫𝐢𝐥𝐥𝐢𝐚𝐧𝐭 𝐏𝐞𝐫𝐟𝐨𝐫𝐦𝐚𝐧𝐜𝐞 𝐀𝐟𝐠𝐡𝐚𝐧𝐢𝐬𝐭𝐚𝐧 𝐀 🎯
— Star Sports (@StarSportsIndia) October 27, 2024
All the way to the top! 🏆 Afghanistan A takes the title in style! #EmergingTeamsAsiaCup #SLAvAFGA pic.twitter.com/R8Nvz4edxk
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക എ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത ഓവറില്‍ 133 റണ്‍സ് നേടിയത്. 47 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്ന സഹൻ അരച്ചിഗെയാണ് അവരുടെ ടോപ് സ്കോറര്‍. അഫ്‌ഗാനിസ്ഥാനായി ബിലാല്‍ സമി മൂന്നും അല്ലാഹ് മുഹമ്മദ് ഗസാൻഫര്‍ രണ്ടും വിക്കറ്റെടുത്തു.