നമ്മുടെ ഈ 'ചെറിയ' 'വലിയ' ഭൂമിയില്‍ ഓരോ നിമിഷം പിന്നിടുമ്പോഴും മനുഷ്യരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യ ഇങ്ങനെ ഉയരുന്നതിന് അനുസരിച്ച് തന്നെ വിഭവങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയും ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നീ പ്രശ്‌നങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ജൂലൈ 11ന് ആഗോളതലത്തില്‍ ജനസംഖ്യ ദിനം ആചരിക്കുന്നു.
ലോക ജനസംഖ്യ ദിനാചരണ ചരിത്രം: 1987 ജൂലൈ മാസത്തിലാണ് ലോക ജനസംഖ്യ 500 കോടിയിലേക്ക് (അഞ്ച് ബില്ല്യണ്‍) എത്തുന്നത്. ഇതോടെ, ജനസംഖ്യയില്‍ വര്‍ധനവുണ്ടാകുന്നത് മുലമുണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന ലക്ഷ്യത്തോടെയാണ് ലോക ജനസംഖ്യ ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. ഇതിനായി ജൂലൈ 11നെ തെരഞ്ഞെടുത്തു. മലയാളി കൂടിയായ ഡോ. കെ.സി സക്കറിയ ഉള്‍പ്പെട്ട സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ 1998ല്‍ ആയിരുന്നു ഐക്യരാഷ്‌ട്രസഭ അംഗീകരിക്കുന്നത്.
ലോക ജനസംഖ്യ: ലോകത്ത് ജനസംഖ്യയില്‍ മുന്നില്‍ നിലവില്‍ ഇന്ത്യയാണ്. 144.17 കോടിയിലധികം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. 142.5 കോടി ജനസംഖ്യയുടെ ചൈനയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. നിലവില്‍ ലോകത്താകമാനമുള്ള കണക്കില്‍ 18 ശതമാനവും ഈ രണ്ട് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്.
ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയോടെ തന്നെ ലോക സംഖ്യ മൂന്നിരട്ടിയിലധികം വര്‍ധിച്ചതായാണ് കണക്കുകള്‍. 2022 നവംബര്‍ വരെ മാത്രം ലോകജനസംഖ്യ എട്ട് ബില്ല്യണ്‍ എത്തിയിരുന്നുവെന്നാണ് വിവരം. 1950ലെ കണക്ക് അനുസരിച്ച് 2.5 ബില്യണിന്‍റെയും 2010ലെ കണക്കുകള്‍ അനുസരിച്ച് ഒരു ബില്ലണിന്‍റെയും വര്‍ധനവാണിത്.
2080ഓടെ ഭൂമി യിലെ ജനസംഖ്യ 10.4 ബില്ല്യണായി ഉയർന്നേക്കാമെന്നാണ് പ്രവചനങ്ങള്‍. 2050ഓടെ ഇത് 9.7 ബില്ല്യൺ കടന്നേക്കാം.
ജനസംഖ്യ വര്‍ധനവ് മൂലം സാമ്പത്തിക വികസനത്തിലുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും
1. ഗുണങ്ങൾ
- പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ ആളുകള്‍ക്ക് താല്‍പര്യം കൂടും.
- സംസ്‌കാരങ്ങളുടെ വൈവിധ്യവും സമൃദ്ധിയും വര്‍ധിക്കും.
- യുവ തൊഴിലാളികളെ ഉപയോഗിച്ച് സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടത്തുന്നു.
- ഉയർന്ന ഡിമാൻഡ് ഉൽപാദന സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്നു.
- നഗരവൽക്കരണത്തെ അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന സൗകര്യ വികസനം, രാഷ്ട്രീയ ശക്തി വർധിപ്പിക്കാൻ സഹായിക്കും.
- സ്പെഷ്യലൈസേഷനും തൊഴിൽ വിഭജനത്തിനും കൂടുതൽ സാധ്യത.
- കണ്ടുപിടിത്തങ്ങളും ആശയങ്ങളുടെ വ്യാപനവും.
- വിവിധ മേഖലകളില്‍ പ്രഗത്ഭരായ നിരവധിയാളുകളെ കണ്ടത്താം.
2. ദോഷങ്ങൾ
- അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വരും.
- കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചേക്കാം, ഇതിലൂടെ സമൂഹത്തില്‍ അസ്ഥിരാവസ്ഥയുണ്ടാകാം.
- രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതൽ.
- ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടായേക്കാം.
- മലിനീകരണം വര്‍ധിക്കാം.
- നഗരവൽക്കരണം നിയന്ത്രിക്കുന്നതിനും മതിയായ പൊതു സേവനങ്ങൾ നിലനിർത്തുന്നതിനുമുള്ള വെല്ലുവിളികൾ.
- വരുമാനത്തില്‍ കുറവ്.
- സാർവത്രിക വിദ്യാഭ്യാസം നേടുന്നതിനുള്ള തടസം.
- ആഗോളതാപനത്തിന് കാരണമായേക്കാവുന്ന സ്രോതസുകളുടെ ആവശ്യകതയില്‍ വര്‍ധനവ് അനുഭവപ്പെടാം.
ഇന്ത്യയും ജനസംഖ്യയും: 77 വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയില്‍ നിലവിലുള്ള ജനസംഖ്യ ഇരട്ടിയാകുമെന്നാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ (യുഎൻഎഫ്പിഎ) സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ - 2024 റിപ്പോർട്ട്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ചൈനയെ പിന്തള്ളി അടുത്തിടെയായിരുന്നു ഇന്ത്യ മാറിയത്. ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസരിച്ച് തന്നെ രാജ്യത്ത് അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2030-ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.5 ബില്യണും 2050-ഓടെ രണ്ട് ബില്യണും കവിയുമെന്നാണ് ജനസംഖ്യ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തിൻ്റെ വിഭവങ്ങളിൽ ഗണ്യമായ ഡിമാൻഡും സാമൂഹിക അസ്ഥിരതയും ദാരിദ്ര്യവും പാരിസ്ഥിതിക തകർച്ചയുമുണ്ടാക്കിയേക്കാം. ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ വിപുലമായ നടപടി ആവശ്യമാണെന്ന് വ്യക്തമാണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 24 ശതമാനം 0-14 പ്രായപരിധിയിൽ വരുന്നവരാണെന്നും 17 ശതമാനം 10നും 19നും ഇടയിൽ പ്രായമുള്ളവരാണെന്നുമാണ് വിവരം. 10-24 വയസ് പ്രായമുള്ള വിഭാഗം ജനസംഖ്യയുടെ 26 ശതമാനം വരും, 15-64 പ്രായക്കാർ 68 ശതമാനമാണ് ഇതിൽ ഉള്ളത്. ഇന്ത്യയിലെ ജനസംഖ്യയുടെ 7 ശതമാനം 65 വയസും അതിൽ കൂടുതലുമുള്ളവരാണ്, പുരുഷന്മാർ 71 വയസും സ്‌ത്രീകൾ 74 വയസുമാണ് രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഖ്യം.
Also Read : വൈകിയ ജനസംഖ്യ കണക്കെടുപ്പ്; സൂചനയും സാധ്യതകളും പറയുന്നതിങ്ങനെ - The Delayed Census