ഹൈദരാബാദ്: ബോൺസായ് കലയെയും സാബുറോ കാറ്റോയുടെ സ്‌മരണയ്ക്കായും എല്ലാ വർഷവും മെയ് 14 ന് ലോക ബോൺസായ് ദിനം ആചരിക്കുന്നു. ഈ കലാരൂപത്തിലൂടെ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു ബോൺസായ് മാസ്‌റ്ററായിരുന്നു സാബുറോ കാറ്റോ. വേൾഡ് ബോൺസായ് ഫ്രണ്ട്ഷിപ്പ് ഫെഡറേഷൻ (ഡബ്ല്യുബിഎഫ്എഫ് ) 2010-ലാണ് ബോൺസായ് ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ജാപ്പനീസ് സംസ്‌കാരത്തിൽ ബോൺസായ് മരങ്ങൾ ഐക്യത്തിൻ്റെയും സന്തുലിതാവസ്‌ഥയുടെയും പ്രതീകമാണ്. ബോൺസായ് മാസ്‌റ്ററായ സാബുറോ കാറ്റോ (1915-2008) തൻ്റെ ജീവിതത്തിലുടനീളം സമാധാനത്തിൻ്റെയും സൗഹൃദത്തിൻ്റെയും പാതയിലൂടെ നടക്കുകയും, ബോൺസായിയുടെ യഥാർഥ അർഥം മനസിലാക്കാൻ മറ്റുള്ളവരെ എപ്പോഴും സഹായിക്കുകയും ചെയ്‌തു.
നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയിൽ നിന്ന് ജപ്പാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ബോൺസായ് കല പ്രചരിപ്പിച്ച ബുദ്ധ സന്യാസിമാരെപ്പോലെ, ബോൺസായ് സഹാനുഭൂതി വളർത്തുകയും ജീവിതത്തോട് ആഴമായ ബഹുമാനം നൽകുകയും ചെയ്യുന്നുവെന്ന് സാബുറോ കാറ്റോ മനസ്സിലാക്കി.
ബോൺസായ് മരത്തെക്കുറിച്ചുള്ള വസ്‌തുതകൾ
പുരാതനമായിട്ടുളള ഒരു ജാപ്പനീസ് കലാരൂപമാണ് ബോൺസായ്. ഹോർട്ടികൾച്ചർ രീതികളും വിദ്യകളും ഉപയോഗിച്ച് ചെറിയ മരങ്ങൾ പാത്രങ്ങളിൽ നടുകയും അത് കാലക്രമേണ പൂർണ്ണ വലുപ്പത്തിലുള്ള മരങ്ങളുടെ ആകൃതിയിൽ എത്തുകയും ചെയ്യുന്നു. 'ബോൺസായ്' എന്ന വാക്കിൻ്റെ അർഥം 'പാത്രത്തിൽ നട്ടത്' എന്നാണ്. ഒരു ബോൺസായ് വൃക്ഷം ഒരേ ഇനത്തിൽപ്പെട്ട ഒരു വൃക്ഷത്തിൻ്റെ അതേ വിത്തിൽ നിന്നാണ് വളരുന്നത്.
അവയ്ക്ക് ചെറിയ വലിപ്പമേ ഉള്ളൂ. അതിനാൽ, വേരുകളുടെ വളർച്ചയെ ഒരു ചെറിയ ചെടി ചെട്ടിയിലേക്ക് പരിമിതപ്പെടുത്തുകയും ഇലകൾ പതിവായി വെട്ടിമാറ്റുകയും ചെയ്യുന്നു. അങ്ങനെ മരം ചെറുതായി നിലനിൽക്കുന്നു.
ബോൺസായ് എന്ന വാക്ക് ജാപ്പനീസിൽ നിന്നുണ്ടായതാണെങ്കിലും, ഈ കലാരൂപത്തിൻ്റെ ആശയം ചൈനയിൽ നിന്നുണ്ടായതാണ്. മൂവായിരം വർഷങ്ങൾക്ക് മുമ്പ് യിൻ, ഷൗ രാജവംശങ്ങൾ മുതൽ ചൈനയിലെ ആളുകൾ പൂന്തോട്ടത്തിനുളളിൽ അലങ്കാര സസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിനെ 'പെൻജിംഗ്' എന്നറിയപ്പെടുന്നു. പിന്നീട് എഡി 700-ഓടെ ചൈനക്കാർ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചെടി ചെട്ടിയിൽ കുള്ളൻ മരങ്ങൾ വളർത്താൻ 'പുൻ-സായ്' എന്ന കല ആരംഭിച്ചു.
ഒരു ബോൺസായ് മരത്തിന് ശരിയായ കാലാവസ്‌ഥയിൽ നൂറു വർഷത്തിലധികം ജീവിക്കാൻ കഴിയും. ചിലതിന് ആയിരം വർഷം വരെ നിലനിൽക്കാനാകും. ബോൺസായ് ഒരു പ്രത്യേക ഇനം വൃക്ഷമാണെന്ന് കരുതപ്പെടുന്നു. എന്നാൽ ഇത് സത്യമല്ല. വലിയ വൃക്ഷങ്ങൾ ചെറുതായി സൃഷ്‌ടിക്കാൻ ലക്ഷ്യമിടുകയാണ് ചെയ്യുന്നത്. തേക്ക് മരത്തിനെ ബോൺസായ് മരമായി സൃഷ്‌ടിക്കാൻ കഴിയും. നിലവിലുള്ള ഒരു തേക്ക് മരത്തെ ബോൺസായിയായി വളര്‍ത്തിയാല്‍ മതി.
'ബ്രൂക്‌ളിൻ ബൊട്ടാണിക് ഗാർഡൻ ബോൺസായ്' എന്നറിയപ്പെടുന്ന ഫിക്കസ് റെറ്റൂസ ബോൺസായിക്ക് ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നിരവധി തലമുറകളിലൂടെ ഇന്നും പരിപോഷിപ്പിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ചില ബോൺസായ് മരങ്ങളിൽ പഴങ്ങളും പൂക്കളും കായ്ക്കാറുണ്ട്.
ജനപ്രിയമായിട്ടുളള ബോൺസായ് ശൈലിയായ 'ലാൻഡ്‌സ്‌കേപ്പ് പ്ലാൻ്റിംഗ്' പർവതങ്ങൾ, വനങ്ങൾ, നദികൾ എന്നിവയുൾപ്പെടെ ഭൂപ്രകൃതിയുടെ ഒരു ചെറിയ പതിപ്പ് പുനർനിർമ്മിക്കുന്നു. ലോകമെമ്പാടും ബോൺസായ് എക്‌സിബിഷനുകളും നടക്കാറുണ്ട്. ബോൺസായിക്ക് പ്രത്യേക പരിചരണം ആവശ്യമാണെങ്കിലും, ബോൺസായ് പരിപാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പതിവായി വെളളമൊഴിക്കുകയും മണ്ണ്, വെളിച്ചം എന്നിവയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്‌താൽ മതിയാകും.
എന്തുകൊണ്ടാണ് ബോൺസായ് ഇത്ര ജനപ്രിയമായത്?
ബോൺസായ് മരം യഥാർഥത്തിൽ കലയുടെ രൂപമാണ്. അത് കലയെയും പ്രകൃതിയെയും സമന്വയിപ്പിക്കുന്നു. ബോൺസായ് മരങ്ങൾ സൗന്ദര്യത്തിൻ്റെയും ശക്‌തിയുടെയും പ്രതീകങ്ങളാണ്. പ്രകൃതിയും കലയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ ആശയത്തെ അവ പ്രതിനിധീകരിക്കുന്നു.
ആളുകൾക്ക് തന്നിൽത്തന്നെ എങ്ങനെ സമാധാനം നേടാം എന്നതിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട ഒരാളിൽ നിന്ന് ഒരു ബോൺസായ് മരം സ്വീകരിക്കുന്നവർക്ക് ഭാഗ്യവും വിജയവും അധികമായി ലഭിക്കുന്നുവെന്നാണ് പറയുന്നത്. എന്നാൽ വാസ്‌തുവുമായി ബന്ധപ്പെട്ട് ബോൺസായ് ചെടികൾ ഭാഗ്യത്തിൻ്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ മിനിയേച്ചർ മരങ്ങൾ വെട്ടുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് ഊർജ്ജത്തിൻ്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു. അതിനാൽ ബോൺസായ് മരങ്ങൾ നിങ്ങളുടെ വീടിൻ്റെ കേന്ദ്ര ഭാഗങ്ങളിലല്ലാത്ത സ്‌ഥലങ്ങളിൽ സ്ഥാപിക്കുക. അത് ഊർജ്ജത്തെ സ്വതന്ത്രമായി ഒഴുകാൻ സഹായിക്കുന്നു.
ബോൺസായ് ട്രീ ശൈലിയും വിദ്യകളും
ഫോർമൽ അപ്പ്റൈറ്റ്, സ്ളാൻ്റിങ്, സെമി-കാസ്‌കേഡ്, ജുനൈപ്പർ ബോൺസായ്, ചൊക്കൻ, ബോൺസായ് ട്രങ്ക്, കാസ്‌കേഡ് ബോൺസായ് സ്‌റ്റൈൽ, ഹോക്കിഡാച്ചി സ്‌റ്റൈൽ, വിൻഡ്‌സ്‌വെപ്റ്റ്, ലിറ്റററ്റി ബോൺസായ് സ്‌റ്റൈൽ,സ്ളാൻ്റിങ് അല്ലെങ്കിൽ ഷക്കൻ ബോൺസായ്, ലിറ്ററാറ്റി എന്നിങ്ങനെ വ്യത്യസ്‌ത ശൈലികളുണ്ട്. വെട്ടിമാറ്റൽ, വേരുകൾ കുറയ്ക്കൽ, പോട്ടിംഗ്, ഇലപൊഴിക്കൽ, ഒട്ടിക്കൽ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പൂർണ്ണ വലുപ്പത്തിലുള്ള മരങ്ങളുടെ ആകൃതിയും ശൈലിയുമുളള ചെറിയ മരങ്ങൾ സൃഷ്‌ടിക്കുന്നത്.
ബോൺസായ് മരങ്ങൾ ട്രയിൻ ചെയ്യുന്നതിനും സ്‌റ്റൈൽ ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു വിദ്യയാണ് വയറിംഗ്. ഒരു മരത്തിൻ്റെ ശിഖരങ്ങൾക്ക് ചുറ്റും വയർ ചുറ്റി നിങ്ങൾക്ക് ഇഷ്‌ടമുള്ള രീതിയിൽ ശാഖകൾ വളയ്ക്കാനും പുനസ്ഥാപിക്കാനും കഴിയും.