എല്ലാ വർഷവും ജൂലൈ 26ന് ദേശീയ അങ്കിൾ ആന്‍റി ദിനമായി ആചരിക്കുന്നു. അമ്മായിയും അമ്മാവനും നമ്മുടെ കുടുംബത്തിൽ വളരെ പ്രിയപ്പെട്ടവരായിരിക്കുമല്ലോ... അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ നമ്മുടെ രണ്ടാമത്തെ രക്ഷിതാക്കൾ അവരായിരിക്കും. ചിലവർക്ക് അവരുടെ എന്ത് കാര്യവും പങ്കുവയ്‌ക്കാൻ സാധിക്കുന്ന നല്ല കൂട്ടുകാരാവും അമ്മായിയും അമ്മാവനും. ഇത്തരത്തിൽ നമ്മുടെ കുടുംബത്തിന്‍റെയും ജീവിതത്തിന്‍റെയും അവിഭാജ്യ ഘടകമായി മാറിയ അമ്മായിയെയും അമ്മാവനെയും ഓർക്കുകയും ആദരിക്കുകയും ചെയ്യുകയെന്നതാണ് ഇന്നത്തെ ദിവസത്തിന്‍റെ ലക്ഷ്യം.
മാതാപിതാക്കൾ കഴിഞ്ഞാൽ നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കണ്ടതും അതിൽ സന്തോഷിച്ചതും അവരുടെ സഹോദരി സഹോദരങ്ങളായിരിക്കും. ചിലപ്പോൾ നമുക്ക് ഓർത്തെടുക്കാൻ പറ്റാത്ത കുട്ടിക്കാലത്തെ ഓർമകൾ വീണ്ടും പറഞ്ഞു തരുന്നതും അവരായിരിക്കും. നിങ്ങളുടെ അവധിക്കാലം, ജന്മദിനാഘോഷം, ഫാമിലി ടൂർ, ഫാമിലി ഫങ്ഷനുകൾ ഇങ്ങനെ എല്ലാ അവസരങ്ങളിലും അവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
കൂടാതെ നിങ്ങളുടെ കുടുംബത്തിന്‍റെ വിഷമ ഘട്ടങ്ങളിൽ കൂടെ നിൽക്കുന്നതും സന്തോഷത്തിൽ പങ്കുചേരുന്നവരും അവരായിരിക്കും. എന്നും നിങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്നതിനാൽ തല്ലാനും തലോടാനും അവർ സ്വന്തം മാതാപിതാക്കളെ പോലെ എന്നും കൂടെയുണ്ടാകും. ഇങ്ങനെയുള്ള അമ്മാവനും അമ്മായിക്കും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം തന്നെയുണ്ട്.
നമ്മളുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനിച്ച എല്ലാ അമ്മാവന്മാരെയും അമ്മായികളെയും ഇന്നത്തെ ദിവസം ഓർക്കാൻ ശ്രമിക്കുക. അവർക്കൊപ്പമുള്ള നിങ്ങളുടെ മനോഹര നിമിഷങ്ങൾ ഓർക്കുന്നതിനോടൊപ്പം അവരെ സന്ദർശിക്കുകയും നിങ്ങൾക്കായി ചെയ്‌തു തന്ന കാര്യങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്യുക. അവരുമൊത്ത് ഒരു ഫോട്ടോ എടുക്കുക, മധുരം പങ്കിടുക, അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും സമ്മാനിക്കുക.