കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ നമ്മളെല്ലാവരും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഇരിക്കാനും നിൽക്കാനും നടക്കാനുമൊക്കെ കഴിയുമെന്നതിനാൽ ട്രെയിൻ യാത്രകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. യാത്രാക്ഷീണം അറിയാതെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താനും ട്രെയിൻ യാത്ര തന്നെയാണ് നല്ലത്. അതേസമയം ട്രെയിൻ യാത്രകളിൽ നേരിടുന്ന ഒരു പ്രധാന പ്രശ്‍നം ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും വൃത്തിഹീനമായ അന്തരീക്ഷമാണ്. എന്നാൽ വൃത്തി, പ്രകൃതിഭംഗി, ശാന്തമായ അന്തരീക്ഷം എന്നിവയാൽ എന്നമ്മളെ അത്ഭുതപ്പെടുത്തുന്ന ചില റെയിൽവേ സ്റ്റേഷനുകളുണ്ട് ദക്ഷിണേന്ത്യയിൽ. അത് എന്തൊക്കെയെന്ന് പരിചയപ്പെടാം.
ചെറുകര റെയിൽവേ സ്റ്റേഷൻ
കേരളത്തിലെ ഏറ്റവും ചെറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ചെറുകര റെയിൽവേ സ്റ്റേഷൻ. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ റെയിൽവേ സ്റ്റേഷൻ ഇടതൂർന്ന പച്ചപ്പിനിടെയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രകൃതിഭംഗിയും വൃത്തിയുള്ള ചുറ്റുപാടും സന്ദർശകരെ ആകർഷിക്കുന്നവയാണ്.
വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മരങ്ങളും പച്ചപ്പും നിറഞ്ഞ ശാന്തമായ അന്തരീക്ഷം വല്ലപ്പുഴ റെയിൽവേ സ്റ്റേഷനെ കൂടുതൽ സുന്ദരമാക്കുന്നു.
കൂനൂർ റെയിൽവേ സ്റ്റേഷൻ
മലനിരകളും പ്രകൃതിദത്തവും മനുഷ്യ നിർമിതവുമായ നിരവധി കാഴ്‌ചകളാൽ സമ്പന്നമാണ് കൂനൂർ റെയിൽവേ സ്റ്റേഷൻ. തമിഴ്‍നാട്ടിലെ നീലഗിരിയിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ദൂദ് സാഗർ റെയിൽവേ സ്റ്റേഷൻ
പ്രസിദ്ധമായ ദൂദ് സാഗർ വെള്ളച്ചാട്ടത്തിന്‍റെ അതിമനോഹര കാഴ്ച്ചകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്റ്റേഷനാണ് ദൂദ് സാഗർ റെയിൽവേ സ്റ്റേഷൻ. പ്രകൃതിഭംഗി തന്നെയാണ് ഇവിടുത്തെയും പ്രത്യേകത.
കാർവാർ റെയിൽവേ സ്റ്റേഷൻ
പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന കാർവാർ റെയിൽവേ സ്റ്റേഷൻ കർണാടകയുടെ തീര സൗന്ദര്യത്തിലേക്കുള്ള ശാന്തമായ കവാടമാണ്. പൂന്തോട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
മുതലമട റെയിൽവേ സ്റ്റേഷൻ
പച്ചപ്പ് നിറഞ്ഞ പ്രകൃതിയാൽ ചുറ്റപ്പെട്ടതാണ് മുതലമട റെയിൽവേ സ്റ്റേഷൻ. പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളും പേരാലുകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ലവ്ഡേൽ റെയിൽവേ സ്റ്റേഷൻ
നീലഗിരി താഴവരയിൽ പച്ചപുതച്ച മലനിരകൾക്കിടയിലാണ് ലവ്ഡേൽ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഹരിതാഭയും പച്ചപ്പും ഈ സ്റ്റേഷനെ സുന്ദരമാക്കുന്നു. തേയില തോട്ടങ്ങളും യൂക്കാലിപ്റ്റസ് വനങ്ങളും ചുറ്റപ്പെട്ടു കിടക്കുന്ന ലവ്ഡേൽ റെയിൽവേ സ്റ്റേഷൻ സന്ദർശകർക്ക് നല്ലൊരു കാഴ്‌ച അനുഭവം നൽകുമെന്ന് തീർച്ച.
Also Read : ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ