ലണ്ടൻ : വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയില്‍ മോചിതനായിരിക്കുകയാണ്. ബ്രിട്ടീഷ് ജയിൽ, ജാമ്യം അനുവദിച്ചതിനുപിന്നാലെ അസാൻജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. പടിഞ്ഞാറൻ പസഫിക്കിലെ യുഎസ് കോമൺവെൽത്ത് നോർത്തേൺ മരിയാന ദ്വീപുകളിലെ യുഎസ് ഫെഡറൽ കോടതിയിൽ അദ്ദേഹം ഈ ആഴ്‌ച അവസാനം ഹാജരാകും.
മോചനം സാധ്യമാക്കിയ ഡീല്‍ ഇങ്ങനെ : അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അഞ്ചുവര്‍ഷത്തോളമാണ് ജൂലിയൻ അസാൻജ് ജയിലില്‍ കഴിഞ്ഞത്. ഈ ചാരവൃത്തി കേസില്‍ അസാൻജ് കുറ്റം സമ്മതിക്കുമെന്ന് കോടതിക്ക് സമർപ്പിച്ച കത്തിൽ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനാലാണ് അദ്ദേഹത്തിന്‍റെ ജയില്‍ മോചനം സാധ്യമായിരിക്കുന്നത്. അസാഞ്ജ് കുറ്റം സമ്മതിച്ച് മാപ്പപേക്ഷിക്കുമെന്ന് പങ്കാളി സ്റ്റെല്ല അസാഞ്ജ് വ്യക്തമാക്കിയിട്ടുണ്ട്.
2019 മുതൽ അതീവ സുരക്ഷയുള്ള ലണ്ടൻ ജയിലിൽ കസ്റ്റഡിയിലായിരുന്നു അദ്ദേഹം. അതിനുമുമ്പ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം ഒളിവില്‍ കഴിയുകയും ചെയ്‌തിട്ടുണ്ട്. യുഎസ് സര്‍ക്കാരിന്‍റെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തി, അസാഞ്ജ് തന്‍റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നാണ് അമേരിക്കയുടെ ആരോപണം.
സഖ്യരാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയിൽ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതും എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികൾ വഴി യുഎസ് ചാര പ്രവർത്തനം നടത്തിയിരുന്നു എന്നതുമടക്കമുള്ള വിക്കിലീക്‌സിന്‍റെ വെളിപ്പെടുത്തലുകൾ അമേരിക്കന്‍ ഭരണകൂടത്തെ രാജ്യാന്തര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. യുഎസിന് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുടെയും ഭരണത്തലവന്മാരുടെയും പരാമർശങ്ങളും പുറത്തുവന്നു.
കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെട്ടത്. ഇതോടെയാണ് അസാൻജിനെ ഔദ്യോഗികമായി കുറ്റവാളിയായി പ്രഖ്യാപിക്കുവാനും പിടികൂടുവാനും അമേരിക്ക ശ്രമങ്ങളാരംഭിച്ചത്. അമേരിക്ക, ചൈന, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ വിക്കിലീക്‌സിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്‌തു. വിക്കിലീക്‌സിനെതിരെ ഫെയ്‌സ്‌ബുക്ക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റർകാർഡ് തുടങ്ങിയവ സേവന നിരോധനങ്ങൾ നടപ്പിലാക്കിയിരുന്നു.
ഇത് പ്രതിഷേധങ്ങളിലേക്കും വിക്കിലീക്‌സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഗ്രൂപ്പുകളുടെ പ്രതികാര നടപടികളിലേക്കും നയിച്ചു. ഇതിനിടെ, സ്വീഡനിൽ അസാൻജിനെതിരെ ലൈംഗികാരോപണവും ഉയർന്നു. ഇതിന്‍റെ പേരിൽ അദ്ദേഹത്തെ ജയിലിലടയ്ക്കാൻ സ്വീഡനും ശ്രമം തുടങ്ങി. എന്നാല്‍ അമേരിക്കയുടെ സമ്മർദ്ദങ്ങളാലുണ്ടായ കേസാണിതെന്ന് ആരോപണങ്ങളുയർന്നു.
പിന്നീട് പല രാജ്യങ്ങളിലായി അഭയം തേടിയ അസാൻജിനെ 2019 ഏപ്രിലിൽ ഇക്വഡോർ എംബസിയിൽനിന്നാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്‌തത്. 2012 മുതൽ അസാൻജിന് അഭയം നൽകിയത് ഇക്വഡോർ ആയിരുന്നു.