മിൽവാക്കി (യുഎസ്): യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ്. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്‌ക്കിടെയാണ് ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്‍റിന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ബൂസ്റ്റർ ഡോസുകൾ നൽകിയതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡിന്‍റെ പൊതുവിലുള്ള ലക്ഷണങ്ങളായ ജലദോഷം, ചുമ, ചെറിയ രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ബൈഡനുണ്ടെന്ന് അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒകോണറിനെ ഉദ്ധരിച്ച് സെക്രട്ടറി വ്യക്തമാക്കി. രോഗ നിർണയത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടികളിൽ ബൈഡന് പങ്കെടുക്കാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും എന്നാൽ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിന് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി എന്നും ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ബൈഡൻ കുറിച്ചു. ഒപ്പം താൻ ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്‌ക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായാധിക്യവും തുടർച്ചയായ നാവുപിഴയും അലട്ടുന്ന ബൈഡൻ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ആവശ്യം പ്രതിപക്ഷത്ത് നിന്ന് ഉയരുന്നതിനിടെയാണ് 81കാരനായ ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്.
ALSO READ: ട്രംപിനെ കൊല്ലാന്‍ ഇറാനില്‍ ഗൂഢാലോചന; യുഎസിന് രഹസ്യ വിവരം, സുരക്ഷ വര്‍ധിപ്പിച്ചു