കാലിഫോർണിയ: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയില്‍ വച്ച് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടത് ഇയാളല്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കന്‍ പൊലീസ്. കാലിഫോര്‍ണിയയില്‍ ഒരു വെടിവയ്‌പ് നടന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാര്‍ അല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
IANS വാർത്ത ഏജന്‍സിക്കയച്ച പ്രസ്‌താവനയില്‍ ലഫ്റ്റനന്‍റ് വില്യം ജെ ദൂലിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഫെര്‍സനോയിലെ ഹോള്‍ട്ട് അവന്യൂവില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍ ഇത് ഗോള്‍ഡി ബ്രാര്‍ അല്ല. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. ആരാണ് ആക്രമണം നടത്തിയതെന്നും വ്യക്തമല്ലെന്നാണ് ലഫ്റ്റനന്‍റ് വില്യം ജെ ദൂലി നല്‍കിയ വിശദീകരണം.
ലോകമെമ്പാടും നിന്ന് ഇക്കാര്യത്തില്‍ തങ്ങളോട് സ്ഥിരീകരണം തേടുന്നതായും അധികൃതര്‍ ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ ഏജന്‍സികളിലും പ്രചരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണിത്. ആരാണ് ഇത്തരം ഒരു അഭ്യൂഹം പടച്ച് വിട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ ഇത് കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു കഴിഞ്ഞു. എന്നാല്‍ ഇത് ഗോള്‍ഡി ബ്രാര്‍ അല്ലെന്നും ലഫ്റ്റനന്‍റ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
1994ല്‍ പഞ്ചാബിലെ ശ്രീ മുക്തേശ്വര്‍ സാഹിബിലാണ് സത്വിന്ദര്‍ സിങ്ങെന്ന ഗോള്‍ഡി ബ്രാര്‍ ജനിച്ചത്. സ്വന്തം സഹോദരന്‍ ഗുര്‍ലജ് ബ്രാറിന്‍റെ കൊലപാതകത്തിന് ശേഷമാണ് ഇദ്ദേഹം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തപ്പെട്ടത്. കാനഡയില്‍ ജീവിക്കുന്ന ഇയാള്‍ക്ക് നിരോധിത ഖാലിസ്ഥാന്‍ സംഘടനയായ ബബ്ബാര്‍ ഖല്‍സ ഇന്‍റര്‍നാഷണലുമായും ബന്ധമുണ്ട്. 2022ല്‍ കൊല്ലപ്പെട്ട റാപ് സ്‌റ്റാറും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലെ മുഖ്യ പ്രതിയാണെന്ന് സംശയിക്കുന്ന ആളുമാണ്.
മൂസെവാലയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ബ്രാര്‍ ഏറ്റെടുത്തിരുന്നു. ഇവരുടെ സംഘത്തിലെ പ്രമുഖനായ ഒരു വിദ്യാര്‍ത്ഥി നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പകരം വീട്ടലാണ് ഈ കൊലയെന്നും വ്യക്തമാക്കിയിരുന്നു. ആറിലേറെ കൊലപാതക കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2024ല്‍ ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ആയുധക്കടത്തിലും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ കേസിലും ഇയാള്‍ പ്രതിയാണ്.
Also Read: സംഘത്തില്‍ ചേരാനായി യുവാക്കളെ നേരിട്ട് ബന്ധപ്പെട്ട് ഗോള്‍ഡി ബ്രാറിന്‍റെ ഗുണ്ട സംഘം