സമകാലിക ആഗോള-പ്രാദേശിക വെല്ലുവിളികള്‍ നേരിടാന്‍ തങ്ങളുടെ പൂര്‍ണപിന്തുണ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അടുത്തിടെ ഉറപ്പ് നല്‍കി. 2019 ജൂലൈയില്‍ വൈറ്റ് ഹൗസില്‍ വച്ച് അന്നത്തെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഇമ്രാന്‍ഖാന്‍ കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ഷഹബാസിന് ഒരു അഭിനന്ദന സന്ദേശം പോലും ബൈഡന്‍ അയച്ചിരുന്നില്ലെന്നതാണ് രസകരം. പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ഒരിക്കല്‍ പോലും അമേരിക്ക അപലപിച്ചിട്ടില്ല. സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്‌തിട്ടില്ല. എന്നാലിപ്പോള്‍ കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാമെന്നാണ് വാഗ്ദാനം. ഇസ്ലാമാബാദാകട്ടെ അന്താരാഷ്‌ട്ര നാണ്യനിധിയില്‍ നിന്ന് ഒരു അധിക വായ്‌പ കൂടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇതിന് അമേരിക്കയുടെ പിന്തുണയും ആവശ്യമുണ്ട്.
ബൈഡന്‍റെ സന്ദേശത്തിന് തൊട്ടുപിന്നാലെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദറും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. പൊതുതാത്‌്പര്യമുള്ള മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യം ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു. പ്രാദേശിക പ്രാധാന്യമുള്ള ഗാസയിലെ സ്ഥിതിഗതികള്‍, ചെങ്കടല്‍ വിഷയം, അഫ്‌ഗാനിസ്ഥാനിലെ വിഷയങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇതൊരു നിര്‍ണായക വഴിത്തിരിവായാണ് ഈ ചര്‍ച്ചകളെ പാക് നയതന്ത്ര കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാകിസ്ഥാനോടുള്ള അമേരിക്കന്‍ നയവ്യതിയാനമായി ചിലര്‍ ഇതിനെ വിലയിരുത്തുന്നു. ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാക് സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്‍റിലെ മുപ്പതംഗങ്ങള്‍ പ്രസിഡന്‍റ് ബൈഡനും ആന്‍റണി ബ്ലിങ്കനും കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. അത് കൊണ്ടാകാം ഷെഹബാസിനെ അഭിനന്ദിക്കാന്‍ ബൈഡന്‍ കൂട്ടാക്കാതിരുന്നത്.
പാകിസ്ഥാന്‍ ചൈനയും വാഷിംഗ്ടണുമായുള്ള ബന്ധം സന്തുലിതമായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനില്‍ നിന്ന് അമേരിക്ക പെട്ടെന്ന് പിന്‍വാങ്ങിയത് അവരുമായുള്ള ബന്ധത്തെ സാരമായി ബാധിച്ചു. പാകിസ്ഥാന്‍ താലിബാനെ പിന്തുണയ്ക്കുന്നു എന്ന ആരോപണം പോലും അവസാനമുണ്ടായി. യുക്രൈന്‍ യുദ്ധവേളയിലുള്ള ഇമ്രാന്‍റെ അനവസരത്തിലുള്ള റഷ്യന്‍ സന്ദര്‍ശനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. താന്‍ അധികാര ഭ്രഷ്‌ടനാകാന്‍ കാരണം അമേരിക്കയാണെന്ന ഇമ്രാന്‍റെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.
തന്നെ നീക്കം ചെയ്യണമെന്ന് വാഷിംഗ്ടണിലെ പാക് സ്ഥാനപതിയുമായി ദക്ഷിണ, മധ്യേഷന്‍ കാര്യ ചുമതലയുള്ള അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്‍റ് സെക്രട്ടറി ഡൊണാള്‍ഡ് ലു ചര്‍ച്ച ചെയ്‌തതായി ഇമ്രാന്‍ പരസ്യമായി ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇസ്ലാമാബാദിന് ഒരു രഹസ്യ സന്ദേശം അയച്ചതായും ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇമ്രാന്‍ നിലവില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിക്ഷപക്ഷ നിലപാട് സ്വീകരിച്ചിരിക്കുന്ന പാകിസ്ഥാന്‍ ഇതിനിടെ രണ്ട് സ്വകാര്യ അമേരിക്കന്‍ കമ്പനികള്‍ വഴി അനൗദ്യോഗികമായി യുക്രൈന്‍ ആയുധങ്ങള്‍ നല്‍കുകയും ഈ ഇടപാടിലൂടെ 3640 ലക്ഷം അമേരിക്കന്‍ ഡോളര്‍ നേടുകയും ചെയ്‌തിരുന്നു. പാകിസ്ഥാനിലെ നുര്‍ ഖാന്‍ എയര്‍ഫോഴ്‌സ് വ്യോമത്താവളത്തില്‍ നിന്ന് ബ്രിട്ടീഷ് സൈനിക ചരക്ക് വിമാനങ്ങളിലാണ് ഇവ വ്യോമമാര്‍ഗം കൊണ്ടുപോയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ കാരണമായി. തുടര്‍ന്ന് പാക് സൈനിക മേധാവി ജനറല്‍ അസിം മുനിര്‍ കഴിഞ്ഞ കൊല്ലം ഡിസംബറില്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് വരെ കാര്യങ്ങളെത്തി. അവിടെ അദ്ദേഹം അമേരിക്കന്‍ പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി.
പിന്നീട് പാകിസ്ഥാനില്‍ നടന്നതിന്‍റെ എല്ലാം മുന്നോടി ആയിരുന്നു മുനിറിന്‍റെ ഈ സന്ദര്‍ശനം എന്ന് വേണം വിലയിരുത്താന്‍. തെരഞ്ഞെടുപ്പ് വൈകിയതും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇമ്രാനെ തടവിലാക്കിയതുമെല്ലാം ഇതിന് പിന്നാലെ ആയിരുന്നു. ഇതെല്ലാം അമേരിക്ക അംഗീകരിച്ചതോടെ അവരില്‍ നിന്ന് വിമര്‍ശവും ഇല്ലാതായി. പാകിസ്ഥാനിലെ ജനങ്ങളാണ് അത്യന്തികമായി അവരുടെ രാഷ്‌ട്രീയ ഭാവി നിശ്ചയിക്കേണ്ടത് എന്നായിരുന്നു അമേരിക്കന്‍ വക്‌താവിന്‍റെ പ്രതികരണം. ഈ പ്രതികരണവും കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ അമേരിക്ക നടത്തിയ പ്രതികരണവും തമ്മില്‍ താരതമ്യപ്പെടുത്തേണ്ടതുണ്ട്. സമീപനത്തിലെ ഈ വ്യത്യാസം ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യുമില്ലറിന്‍റെ വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് കാട്ടിയിരുന്നു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനിലെ ചൈനയുടെ സാന്നിധ്യം അംഗീകരിക്കാനാകാത്തതാണ്. ചൈന-പാക് സാമ്പത്തിക ഇടനാഴിയും ഗ്വഡര്‍ തുറമുഖവും നിര്‍മ്മാണത്തിന്‍റെ അന്ത്യഘട്ടത്തിലാണെന്നതും അമേരിക്കയെ അലോസരപ്പെടുത്തുന്നുണ്ട്. ഗ്വാഡര്‍ തുറമുഖം നാല്‍പ്പത് വര്‍ഷത്തേക്ക് ചൈന പാട്ടത്തിനെടുത്തിരിക്കുകയാണ്. ഇത് ചൈനയുടെ നാവികത്താവളം ആക്കി മാറ്റാനാണ് ഉദ്ദേശ്യം. ഇത് അറബിക്കടലിലും ഒമാന്‍ കടലിടുക്കിലും ചൈനയുടെ അധീശത്വം ഉറപ്പിക്കും. ഇത് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സുരക്ഷ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി അഫ്‌ഗാനിസ്ഥാനിലേക്ക് നീട്ടുന്നതും അമേരിക്കയ്ക്ക് താത്‌പര്യമുള്ള സംഗതിയല്ല.
ഇതിന് പുറമെ ഇറാന്‍ വിരുദ്ധ സുന്നി ഭീകരസംഘടനയായ ജയ്‌ഷ് അല്‍ അദ്‌ലിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ തുടരണമെന്നും അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. ഈ സംഘം ഛബഹാര്‍ തുറമുഖത്ത് നടത്തിയ ആക്രമണം അമേരിക്കയുടെ നിര്‍ദ്ദേശത്തോടെ പാകിസ്ഥാന്‍ നടപ്പാക്കിയതാണെന്നാണ് നിഗമനം. ദമാസ്‌കസിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെ സമീപത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ഇത്. ഈ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ ഭീഷണി മുഴക്കുകയതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു ഛബഹാര്‍ തുറമുഖത്തെ ആക്രമണം. ഈ ആക്രമണം നടന്ന ദിവസം തന്നെ ആയിരുന്നു ബ്ലിങ്കന്‍റെ കോളെത്തിയത് എന്നതും യാദൃശ്ചികമാകാനിടയില്ല.
ഇറാനില്‍ അടുത്തിടെ ജെയ്‌ഷ് അല്‍ അദ്‌ലിന്‍റെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. നേരത്തെ ഇറാന്‍ പാകിസ്ഥാനിലേക്ക് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ ഇസ്ലാമാബാദിന് കടുത്ത അസ്വസ്ഥകളാണ് ഉണ്ടാക്കിയിരുന്നത്. ഇതേ തുടര്‍ന്നാണ് ഇറാന്‍ വിരുദ്ധ ഭീകരസംഘടനയെ അമേരിക്കയുടെ ആവശ്യപ്രകാരം ഇവര്‍ പിന്തുണച്ചത്.
അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാനൊഴികെ ഒരു രാഷ്‌ട്രത്തിനും ഭീഷണിയല്ല. റാവല്‍പിണ്ടിയില്‍ നിന്ന് അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഇവരുടെ അസ്ഥിരത വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ ഭീകരസംഘടനകള്‍ അവരുടെ രാജ്യത്ത് ചുവടുറപ്പിക്കാനും ഇടയാക്കും. തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാനെതിരെയെും ബലൂച് ഫ്രീഡം ഫൈറ്റേഴ്‌സിനും എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം രണ്ട് അമേരിക്കന്‍ വക്താക്കള്‍ തന്നെ അറിയിച്ചതുമാണ്. സാധാരണക്കാരന് ജീവാപായമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കി വേണം പാകിസ്ഥാന്‍ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ നടത്താനെന്ന് തങ്ങള്‍ പറഞ്ഞതായി അവര്‍ വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്‍ ഐഎസിന്‍റെ ഒരു വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാന്‍ പ്രവിശ്യയെ ഔദ്യോഗികമായി പിന്തുണയ്ക്കുന്നുണ്ട്. താജിക്കിസ്ഥാനുമായി ചേര്‍ന്ന് അഫ്ന്‍ഗാന്‍ സര്‍ക്കാരിനെതിരെ ഇവര്‍ ഇതിനെ ഉപയോഗിക്കുന്നു. കാബൂള്‍ ഭരണത്തിനെതിരെ പോരാടുന്ന നാഷണല്‍ റസിസ്റ്റന്‍റ്സ് ഫ്രണ്ടിനെയും ഇവര്‍ പിന്തുണയ്ക്കുന്നു. ഇതിനെതിരെ കാബൂള്‍ ടിടിപിയെ പിന്തുണയ്ക്കുന്നു. അമേരിക്കയ്ക്ക് ഇക്കാര്യവും അറിവുള്ളതാണ്. അടുത്തിടെ മോസ്‌കോയില്‍ ന്ന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്കെപി ഏറ്റെടുത്തിരുന്നു. അറസ്റ്റിലായവരെല്ലാം താജിക്കിസ്ഥാനില്‍ നിന്നുള്ളവരുമായിരുന്നു.
യുക്രൈന്‍ യുദ്ധത്തില്‍ സ്വന്തം മണ്ണില്‍ നിന്ന് ആഭ്യന്തര പിന്തുണ ഉറപ്പാക്കാന്‍ കീവ് ശ്രമിക്കുന്നു എന്നൊരാരോപണം റഷ്യ ഉയര്‍ത്തിയിരുന്നു. ഐഎസ്കെപിക്ക് പാകിസ്ഥാന്‍ സ്വന്തം മണ്ണിലിടമൊരുക്കുന്നുണ്ട് എന്ന കാര്യവും ഇവര്‍ക്ക് അറിയാവുന്നതാണ്. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് തന്നെ അമേരിക്ക ഇക്കാര്യം അറിഞ്ഞിരുന്നതായാണ് സൂചന. ഇത് പാകിസ്ഥാനില്‍ നിന്നാകാനാണ് സാധ്യത.
പാകിസ്ഥാന് തങ്ങളുടെ സൈനിക ഉപകരണങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. എഫ് 16 വിമാനങ്ങളിലടക്കം ആധുനീകരണം വേണം. ഇത് അമേരിക്കയില്‍ നിന്നാണ് ഇവര്‍ക്ക് നേടേണ്ടത്. അതിന് അമേരിക്ക തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് പാകിസ്ഥാന് അത്യാവശ്യവുമാണ്. പാകിസ്ഥാന്‍റെ ധര്‍മ്മസങ്കടവും അമേരിക്കയ്ക്ക് ഇവരുടെ മേലുള്ള സ്വാധീന ശേഷിയെയും കുറിച്ച് ഇന്ത്യയ്ക്ക് അറിവുള്ളതാണ്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ അമേരിക്കയ്ക്ക് നിയന്ത്രിക്കാനാകുമെന്നും അറിയാം. എങ്കിലും തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കാന്‍ ഇന്ത്യ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
പാകിസ്ഥാനും ചൈനയുമായി അടുപ്പത്തിലാണെങ്കിലും അമേരിക്കയ്ക്കും അവരുടെ മേല്‍ സ്വാധീനമുണ്ടെന്നതിന് തെളിവുകളുണ്ട്. പാകിസ്ഥാനിലെ ചൈന-പാക് സാമ്പത്തിക ഇടനാഴി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്ന തങ്ങളുടെ പൗരന്‍മാരുടെ സംരക്ഷണത്തിനായി തങ്ങളുടെ സൈന്യത്തെ വിന്യസിക്കണമെന്ന ചൈനയുടെ ആവശ്യം അമേരിക്ക പിന്തുണച്ചാലും പാകിസ്ഥാന്‍ തള്ളിയേക്കും. ഇസ്ലാമാബാദിന്‍റെ ഈ ഞാണിന്‍മേല്‍ കളി അത്ര കണ്ട് എളുപ്പമല്ല. ഒരു ചെറിയ വീഴ്‌ച മതി തങ്ങളുടെ നിലനില്‍പ്പിന് അത്യാന്താപേക്ഷിതമായ രണ്ട് അഭ്യുദയകാംക്ഷികളില്‍ ഒരാളുടെ പിന്തുണ നഷ്‌ടമാകാന്‍.